ആര്‍.എസ്.എസ് നേതൃത്വത്തെ വെല്ലുവിളിച്ച അദ്വാനിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കിയത് രാഷ്ട്രീയ സ്വയം സേവക് സംഘെന്ന ആര്‍.എസ്.എസായിരുന്നു. അദ്വാനിക്ക് പകരക്കാരനായി മോദിയെ ഉയര്‍ത്തികൊണ്ടുവന്നതും രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കിയതിന് പിന്നിലും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ബുദ്ധിയായിരുന്നു.
പ്രധാനമന്ത്രി പദത്തില്‍ ചോദ്യം ചെയ്യാനാവനാത്ത നേതാവെന്ന തലക്കനവുമായി മോദിയെടുക്കുന്ന തീരുമാനങ്ങളാണിപ്പോള്‍ ആര്‍.എസ്.എസിനെയും സംഘപരിവാര്‍ സംഘടനകളെയും മോദിക്കെതിരെ തിരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണ നയത്തില്‍ മോദിയും അമിത്ഷായും ഒരു വശത്തും ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതും ബി.ജെ.പി തൊഴിലാളി സംഘടനയായ ബി.എം.എസും, സ്വദേശിജാഗരണ്‍ മഞ്ചടക്കമുള്ള സംഘപരിവാര്‍ സംഘടനകളും മറുവശത്തുമായാണ് പോര് മുറുകുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യവല്‍ക്കരണത്തിനെതിരായ ആര്‍.എസ്.എസ് നിലപാട് തന്നെയാണ് മോദിക്കെതിരെയും പരിവാര്‍ ശക്തമായി ഉയര്‍ത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത’ കരാറിനെതിരെയാണ് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതും സ്വദേശി ജാഗരണ്‍മഞ്ചും ബി.എം.എസ് നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനം,പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കുകളുടെ ലയനം എന്നിവയെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്ന കാര്യങ്ങളാണ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകളുമായി ചേര്‍ന്നാണ് ബി.എം.എസ് നിലവില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഒറ്റപ്പെട്ട് പോകുമെന്ന ഭീതികാരണമാണ് സിഐടിയുമായി പോലും സഹകരിക്കാന്‍ ബിഎംഎസിനെ നിലവില്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിയ തെറ്റായ സാമ്പത്തിക നയം പിന്തുടരുന്നത് ശരിയല്ലെന്നാണ് ബി.എം.എസ് ഉയര്‍ത്തുന്ന പ്രധാന വാദം. റാവു വിന്റെ കാലത്ത് ലോക വ്യാപാര സംഘടനയില്‍ അംഗമാകുന്നതിനെതിരെ ബി.എം.എസും സംഘപരിവാര്‍ സംഘടനകളും ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ റാവുവിന്റെ സാമ്പത്തിക നയം പിന്തുടര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ വിദേശ മുതല്‍മുടക്ക് അനുവദിക്കാനും പേറ്റന്റ് നിയമം ഭേദഗതി ചെയ്യാനുമാണ് തയ്യാറായത്. ഇതിനെതിരെ ‘മുന്നറിയിപ്പ് ദിനം’ പ്രഖ്യാപിച്ചാണ് ആര്‍എസ്എസ് അന്ന് പ്രതികരിച്ചിരുന്നത്.
ഇപ്പോള്‍ ആര്‍.സി.ഇ.പിക്കെതിരായ പ്രക്ഷോഭവും മുന്നറിയിപ്പാണെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി മോഡിക്കയച്ച് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനി ആര്‍.എസ്.എസിന്റെ പ്രതിനിധിയായിട്ടും സാമ്പത്തിക നയത്തില്‍ സംഘപരിവാറിന്റെ വിദ്വേഷം ഏറ്റുവാങ്ങിയ ഉന്നത നേതാവാണ്. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രാംജന്‍മഭൂമി പ്രക്ഷോഭവും രഥയാത്രയും നയിച്ചിട്ടും മുഹമ്മദാലി ജിന്നയെ പുകഴ്ത്തിയ അദ്വാനിയുടെ വാക്കുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അദ്വാനി എന്ന അതികായനെ വെട്ടിനിരത്താന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നത്.
2014ല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എല്ലാവരും കരുതിയ അദ്വാനിയെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചതും ഇതേ ആര്‍.എസ്.എസ് തന്നെയാണ്. 2019തില്‍ ലോക്‌സഭാ സീറ്റുപോലും നിഷേധിച്ച് അദ്വാനിയെ നിഷ്പ്രഭനാക്കിയതും പരിവാറിന്റെ അജണ്ട മൂലമായിരുന്നു.
അദ്വാനിയുടെ പകരക്കാരനായി ആര്‍.എസ്.എസ് കൊണ്ടുവന്ന നരേന്ദ്രമോദി തന്നെ ഇപ്പോള്‍ ആര്‍.എസ്.എസിന്റെ നയനിലപാടുകള്‍ക്കെതിരെ തിരിഞ്ഞതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയും ബി.ജെ.പി അധ്യക്ഷനായി അമിത്ഷായും എത്തിയതോടെ പാര്‍ട്ടിയിലും ഭരണത്തിലും തനിക്കാണ് അധികാരമെന്ന അഹന്തയിലാണ് മോദിയെന്ന പരാതി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കിടയിലുമുണ്ട്.
അമിത്ഷായെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി വാഴിക്കാനുള്ള മോദിയുടെ നീക്കം തടഞ്ഞത് തന്നെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതായിരുന്നു. അമിത്ഷാക്കു പകരം മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം മുന്‍ ബി.ജെ.പി അധ്യക്ഷനായ രാജ്‌നാഥ് സിങിന് നല്‍കിയതും ആര്‍.എസ്.എസിന്റെ കടുത്ത നിലപാട് കാരണമായിരുന്നു. മുന്‍ ബി.ജെ.പി അധ്യക്ഷനായി നിധിന്‍ ഗഡ്ക്കരി അടക്കമുള്ള കേന്ദ്ര മന്ത്രിസഭയിലെ പല പ്രമുഖരും ആര്‍.എസ്.എസിന്റെ താല്‍പര്യത്തിനൊത്താണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ജനസംഘത്തില്‍ തുടങ്ങി ബി.ജെ.പിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച എല്‍.കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന തലമുറക്കാരെയും എതിരാളികളായ യുവതുര്‍ക്കികളെയും ഒന്നിച്ച് വെട്ടിനിരത്തിയാണ് മോദി ബി.ജെ.പിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ഒരേസമയം എല്‍.കെ അധ്വാനി, മുരളീമനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ അടക്കമുള്ള മുതിര്‍ന്ന തലമുറക്കാരെയും ഉമാഭാരതി, ശത്രുഘ്‌നന്‍ സിന്‍ഹ അടക്കമുള്ളവര്‍ക്കും സീറ്റു നല്‍കാതെ ഒതുക്കാന്‍ മോദിക്കും ഷായ്ക്കും കഴിഞ്ഞു.
1998 മുതല്‍ അഞ്ചു തവണ ഗാന്ധിനഗറില്‍ നിന്നും എം.പിയായ അദ്വാനിയെ വെട്ടിനിരത്തി പകരം വിശ്വസ്ഥനായ അമിത് ഷാക്ക് സീറ്റു നല്‍കിയാണ് മോദി 91 വയസുകാരനായ അദ്വാനിയെ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കിയിരിക്കുന്നത്. രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ മൂലക്കൊതുങ്ങിയ ബി.ജെ.പിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയാക്കിയ നേതാവാണ് ലാല്‍ കിഷന്‍ അദ്വാനി എന്ന ആര്‍.എസ്.എസിന്റെ ഈ പഴയ പടക്കുതിര.
വാജ്പേയിക്കും നരേന്ദ്രമോദിക്കും പ്രധാനമന്ത്രി പദമേറാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച നേതാവാണ് അദ്വാനി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അദ്വാനി നടത്തിയ രഥയാത്രയും രാംജന്‍മഭൂമി പ്രക്ഷോഭവുമാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം തകര്‍ത്ത് ബി.ജെ.പിക്ക് രാജ്യഭരണം സമ്മാനിച്ചിരുന്നത്.
ഉത്തരേന്ത്യയെ ഇളക്കി മറിച്ച് അദ്വാനി നടത്തിയ രഥയാത്രയുടെ സഹായിയായിരുന്നു നരേന്ദ്രമോദി. ജനസംഘത്തിലൂടെയും ജനതാപാര്‍ട്ടിയിലൂടെയും ഒടുവില്‍ ബി.ജെ.പിയിലൂടെയും രാജ്യത്ത് ഹിന്ദുത്വവികാരമുയര്‍ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു.
വാജ്‌പേയിയും അദ്വാനിയും കഴിഞ്ഞാല്‍ ബി.ജെ.പിയിലെ മൂന്നാമനായിരുന്നു മുരളീമനോഹര്‍ ജോഷി. മോദിക്കുവേണ്ടി 2014ല്‍ വാരണാസി മണ്ഡലം ഒഴിഞ്ഞുകൊടുത്താണ് ജോഷി കാണ്‍പൂരിലേക്കു മാറിയത്. കാണ്‍പൂരില്‍ 57 ശതമാനത്തിന്റെ പിന്തുണയോടെ 2,22,946 വോട്ടുനേടിയാണ് ജോഷി വിജയിച്ചിരുന്നത്. എന്നിട്ടും ജോഷിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കാതെ മോദി തഴഞ്ഞു. 90നു ശേഷം ആദ്യമായാണ് അദ്വാനിക്കും ജോഷിക്കും ഇത്തവണ സീറ്റു നല്‍കാതിരുന്നത്.
അദ്വാനിയുമായി അടുപ്പമുള്ള മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രമഹാജനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയുണ്ടായി. എട്ടു തവണ ഇന്‍ഡോറില്‍ നിന്നും ലോക്‌സഭാംഗമായ സുമിത്ര മഹാജന് സീറ്റു നിഷേധിച്ചതും വിജയിച്ചാല്‍ ഭീഷണിയാകുമെന്നു കരുതി തന്നെയാണ്.
തീരുമാനമെടുത്ത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ഉമാഭാരതി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കും സീറ്റുകള്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്.
തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മതേതരകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി മോദിക്ക് പകരം ആരും വരാതിരിക്കാനുള്ള അടവാണ് 75 വയസു കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലൂടെ മോദിയും അമിത്ഷായും നടപ്പാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മോദിക്കും അമിത്ഷാക്കും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സമീപനമാണ് ആര്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചിരുന്നത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ളവ നടപ്പാക്കണമെന്ന കടുത്ത നിലപാടാണ് ആര്‍.എസ്.എസിന് ഇപ്പോഴുള്ളത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാവകുപ്പ് റദ്ദാക്കിയെങ്കിലും അര്‍.എസ്.എസ് നേതൃത്വം അതുകൊണ്ട് മാത്രം തൃപ്തരായിട്ടില്ല. ഏകീകൃത സിവില്‍കോഡ് അടക്കമുള്ളവയും അവര്‍ ഉയര്‍ത്തി കാട്ടുന്നുണ്ട്.
ഭരണത്തില്‍ ആര്‍.എസ്.എസിന്റെ വാക്കുകളേക്കാള്‍ നീതി ആയോഗിന്റെയും മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ വാക്കുകളുമാണ് മോഡി കേള്‍ക്കുന്നതെന്ന പരാതിയാണ് ആര്‍.എസ്.എസ് നേതൃത്വം ഉന്നയിക്കുന്നത്. മോദിയെ തിരുത്തിക്കാന്‍ കരുത്തുള്ള ആരും നിലവില്‍ കേന്ദ്ര മന്ത്രിസഭയിലുമില്ല. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
ആര്‍.എസ്.എസിനെ അനുസരിച്ചില്ലെങ്കില്‍ അദ്വാനിയുടെ ഗതിയായിരിക്കും മോദിയെയും കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് സംഘപരിവാറില്‍ നിന്നും പരോക്ഷമായാണെങ്കില്‍ പോലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
Leave a Reply