രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ജമ്മു കശ്മീരിലെ പര്‍വ്വത പ്രദേശത്തു നാലുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാതയുടെ നീളം പത്ത് ദശാംശം എട്ട് ഒന്പത് കിലോമീറ്ററാണ്. വിഘടനവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് പാത തുറന്ന് കൊടുത്തത്.
ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയാണ് ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തുരങ്കപാത തുറന്ന് കൊടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പാതയിലൂടെ സഞ്ചരിച്ചു.
10.89 കിലോമീറ്റര്‍ നീളമുള്ള ഉധംപൂര്‍ റംബാന്‍ തുരങ്കപാതയ്ക്ക് സമാന്തരമായി 9 കിലോമീറ്റര്‍ നീളത്തില്‍ സുരക്ഷാ ടണലും ഒരുക്കിയിട്ടുണ്ട്.ഓട്ടോമാറ്റിക് സംയോജിത ടണല്‍ നിയന്ത്രണസംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ആധുനിക സുരക്ഷയാണ് പാതയില്‍ ഉള്ളത്. ഓരോ എട്ടുമീറ്ററിലും ശുദ്ധവായുലഭിക്കാനുള്ള സംവിധാനം, ഓരോ 150 മീറ്ററില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവ തുരങ്കപാതയിലുണ്ട്. പുതിയ പാതവന്നതോടെ ജമ്മു ശ്രീനഗര്‍ യാത്രയുടെ ദൈര്‍ഘ്യം 41 കിലോമീറ്റര്‍ കുറയും. രണ്ട് മണിക്കൂര്‍ സമയലാഭവും ലഭിക്കും. ഇന്ധനച്ചെലവില്‍ മാത്രം ഒരു ദിവസം
ഇരുപത്തേഴുലക്ഷംരൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടായിരത്തിഅഞ്ചൂറ്റിപത്തൊന്പത് കോടി രൂപ മുതല്‍മുടക്കില്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസാണ് പാത നിര്‍മ്മിച്ചത്