ഐശ്വര്യ ലക്ഷ്മി. എസ്സ്
ചിലങ്ക കെട്ടിയാടാറില്ല
പക്ഷേ ചുവടുവയ്ക്കാറുണ്ട്
കാലുകളല്ല മനസ്സാണെന്നു മാത്രം
ഉഗ്ര ഘോരയും ചിറകറ്റ
നഷ്ടങ്ങളും അങ്ങനെയങ്ങനെ ചുവടുവച്ചരങ്ങൊഴിയുമ്പോൾ ചിലനേരം ഒരരുവികണക്കെ ഒഴുകാറുണ്ട്
അല്ലെങ്കിൽ ചൂടുവെള്ളത്തിന്റെ പിടച്ചിലറിയാറുണ്ട്
കൂത്ത് പറഞ്ഞ് ആടുന്ന ചാക്യാരെപ്പോലെ
മിഴാവു കൊട്ടാൻ അനുവദിക്കാറില്ലെന്നു മാത്രം
ഗുരുവില്ലാതെ സ്വതസിദ്ധമായ കഴിവോടെ ചുവട് പിഴയ്ക്കാതെ അവൾ ആടിത്തിമർത്ത് അരങ്ങൊഴിയുമ്പൊഴേക്ക് രാത്രി പകലിനായ് പെയ്തൊഴിയാറുണ്ട്
അരങ്ങുകൾക്ക് പഞ്ഞമില്ലാതെ
പിന്നെയും അണിയാറുണ്ട് വേഷങ്ങൾ ആടിത്തിമർക്കാറുമുണ്ട്
ചൊല്ലി തീരാത്ത പരിഭവവുമായ് ഈ ലോകം വിട്ടകലുംവരെ
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
Leave a Reply