കെപ്ളര്‍ ദൗത്യത്തിനു ശേഷം അയല്‍ ഗ്യാലക്സികളിലെ ഗ്രഹങ്ങളെത്തേടി നാസയുടെ പുതിയ പര്യവേഷണത്തിന് തുടക്കം കുറിച്ചു. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരായ ടെസ്സ് എന്നാണ് പുതിയ ദൗത്യത്തിന്റെ പേര്. സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. കേപ് കാനവറാലില്‍ നിന്ന് ഇന്നലെ രാത്രി ടെസ് കുതിച്ചുയര്‍ന്നു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുന്ന ടെസ്സ് പിന്നീട് 13.7 ദിവസങ്ങള്‍ ഭൂമിയെ വലംവെയ്ക്കും. പിന്നീട് രണ്ട് വര്‍ഷവും 60 ദിവസവും നീളുന്ന ദൗത്യത്തിന് തുടക്കമിടും.

സൗരയൂഥത്തിന് സമീപത്തായുള്ള രണ്ട് ലക്ഷം നക്ഷത്രങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ടെസ്സിന്റെ ദൗത്യം. നാല് ഫീല്‍ഡ് വൈഡ് ക്യാമറകളിലൂടെ ആകാശത്തിന്റെ 85 ശതമാനവും ടെസ്സിന്റെ നിരീക്ഷണ പരിധിയില്‍ എല്ലായ്പ്പോഴുമുണ്ടാകും. ട്രാന്‍സിറ്റ് എന്ന പ്രതിഭാസത്തെ ഇതിലൂടെ നിരീക്ഷണ വിധേയമാക്കാന്‍ ടെസ്സിന് കഴിയും. നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന കുറവാണ് ട്രാന്‍സിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതിയിലാണ് കെപ്ലര്‍ ദൗത്യം 2600 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. 300 മുതല്‍ 3000 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

300 പ്രകാശവര്‍ഷ പരിധിക്കുള്ളിലുള്ള ഗ്രഹങ്ങളെയായിരിക്കും ടെസ് നിരീക്ഷിക്കുക. കെപ്ലര്‍ ദൗത്യത്തിന് ലഭിച്ചതിനേക്കാള്‍ 100 മടങ്ങ് തെളിച്ചമുള്ള ലക്ഷ്യങ്ങളാണ് ടെസ്സിന് പരിശോധിക്കാനുള്ളത്. പ്രകാശം സ്വാംശീകരിക്കപ്പെടുന്നതിന്റെയും പുറപ്പെടുവിക്കുന്നതിന്റെയും അളവും ഇതിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് വ്യക്തമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ഗ്രഹത്തിന്റെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവ തിരിച്ചറിയാനും കഴിയും. ഈ ദൗത്യം ഓരോ ഗ്രഹങ്ങളെയും തിരിച്ചറിയാനും അവയുടെ വ്യത്യാസങ്ങള്‍ മനസിലാക്കാനും ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.