ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേൽ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷുകാരൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നഥാനിയൽ യങാണ് ശനിയാഴ്ച ഗാസ അതിർത്തിയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിന് പിന്നാലെ കാണാതായ ജേക്ക് മാർലോ, ഡാൻ ഡാർലിംഗ്ടൺ എന്നീ ബ്രിട്ടീഷ് പൗരന്മാരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഗാസ അതിർത്തിയിൽ നടന്ന ആക്രമണത്തിൽ നഥാനിയൽ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറംലോകത്തെ അറിയിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ കെന്റണിലെ ജൂത സ്കൂളായ ജെഎഫ്എസിലെ മുൻ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ആക്രമണത്തിന് പിന്നാലെ ലണ്ടൻ സ്വദേശിയായ ജയ്ക്ക് മാർലോ (26)നെ കാണാതായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചിരുന്നു. ജയ്കിനെ അക്രമികൾ ബന്ധിച്ചിരിക്കുകയാണോ എന്ന സംശയവും എംബസി മുന്നോട്ട് വച്ചിട്ടുണ്ട്.

ജെയ്ക് ഗാസ അതിർത്തിക്കടുത്തുള്ള ഔട്ട്‌ഡോർ പാർട്ടിയിൽ സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്‌തു വരുകയായിരുന്നു. ആക്രമണം നടക്കുന്ന സമയം മകനുമായി സംസാരിച്ചിരുന്നുവെന്ന് ജയ്ക്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ 5:30 ന് സ്ഥലത്തെ സിഗ്നൽ മോശമാണെന്നും താൻ സുരക്ഷിതമാണെന്നും ജയ്ക്ക് ടെക്സ്റ്റ് ചെയ്‌തതായി ഇവർ പറഞ്ഞു. ശനിയാഴ്ച ഹമാസിൽ നിന്നുള്ള നൂറുകണക്കിന് തോക്കുധാരികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അക്രമണകാരികൾ തെക്കൻ ഇസ്രായേലിലേക്ക് പ്രവേശിച്ച് നിരവധി സൈനികരെയും സാധാരണക്കാരെയും കൊല്ലുകയും കുറച്ച് പേരെ ബന്ദികളാക്കുകയും ചെയ്‌തു.