ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതിൽ തന്നെ ഭൂരിപക്ഷവും നേഴ്സിംഗ് മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. പല ഹോസ്പിറ്റലുകളിലും മലയാളി നേഴ്സുമാർ പരസ്പരം പാര വെക്കുന്നത് പലർക്കും കടുത്ത ദുരിതം സമ്മാനിക്കുന്നത് നേരത്തെയും വാർത്തയായിരുന്നു. ജോലിസ്ഥലത്ത് പ്രവർത്തിക്കുമ്പോൾ സംസാരത്തിൽ മിതത്വവും പ്രൊഫഷണലിസവും കാണിച്ചില്ലെങ്കിൽ നമ്മളുടെ അടുത്ത സുഹൃത്തുക്കൾ എന്ന് കരുതുന്നവർ പോലും പാര വെക്കും എന്നതാണ് പലരും പങ്കുവയ്ക്കുന്ന ദുഃഖസത്യം.
എൻഎച്ച്എസ് നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന നിമ്മി ജോർജെന്ന മലയാളി നേഴ്സിന്‍റെ സസ്പെൻഷനിലേയ്ക്ക് നയിച്ചത് മേൽപ്പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. തെറ്റായ പെരുമാറ്റം, കഴിവില്ലായ്മ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിമ്മി ജോർജിനെ 18 മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്. വളരെ സ്വകാര്യമായി അവർ പറഞ്ഞ കാര്യങ്ങൾ പോലും അധികാരികളിൽ എത്തിയതിന്റെ നേർ സാക്ഷ്യം ആണ് ഈ സംഭവം. യുകെയിൽ ഒരാളെ കൊന്നാലും എനിക്ക് ഇന്ത്യയിൽ ജോലി ചെയ്ത് ജീവിക്കാൻ പറ്റും, ഒരാൾ മരിച്ചപ്പോൾ ഉച്ചത്തിൽ അത് വിളിച്ചു പറഞ്ഞത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വകാര്യമായി പറഞ്ഞ പലകാര്യങ്ങളും ഉന്നതാധികാരികളുടെ അടുത്ത എത്തിയതിന് പിന്നിൽ കൂട്ടത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാർ തന്നെയായിരിക്കും എന്നതാണ് പലരും പങ്കുവെയ്ക്കുന്നത് .
നിമ്മി ജോർജിനെതിരെ 95 ഓളം അനുചിതമായ പെരുമാറ്റങ്ങൾ ആണ് അധികാരികൾ ചൂണ്ടി കാണിച്ചത്. ആദ്യം നിമ്മിയെ 12 മാസത്തേയ്ക്ക് താത്കാലികമായി മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് 18 മാസത്തേയ്ക്ക് ഇടക്കാല സസ്പെൻഷൻ നൽകുകയും ആയിരുന്നു. 2021 ഡിസംബർ 20 ന് സൂപ്പർ ന്യൂമററി നഴ്‌സായി നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ (എൻസിഐസി) ട്രസ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങിയ നിമ്മി ജോർജ്ജ്, അവരുടെ ക്ലിനിക്കൽ കഴിവുകൾ, പെരുമാറ്റം, മനോഭാവം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ നേരിട്ടു. അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം, ജോലിസ്ഥലത്ത് അല്ലാതിരുന്നപ്പോഴും എൻഎച്ച്എസ് യൂണിഫോം ഉപയോഗിച്ചത് എന്നീ കാര്യങ്ങൾ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥർ ചൂണ്ടി കാണിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. രോഗികളുടെ ഐഡന്റിറ്റി പരിശോധിക്കൽ, അലർജികൾ ഉണ്ടോയെന്ന് പരിശോധിക്കൽ, മരുന്ന് നൽകുന്നതിനുമുമ്പ് മരുന്നുകളുടെ കാലഹരണ തീയതികൾ സ്ഥിരീകരിക്കൽ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന മരുന്നുകളുടെ സുരക്ഷാ പരിശോധനകൾ പാലിക്കുന്നതിൽ അവർ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട് .
കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ ചെറിയ പിഴവുകൾ പോലും കടുത്ത നടപടികളിലേയ്ക്ക് നയിക്കും എന്നതാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ് . യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഒരു അനുഭവ പാഠമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവെ ആരോഗ്യ മേഖലയിലെ മലയാളി നേഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറ്റവും വിലമതിക്കപ്പെട്ടതായാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് . പ്രത്യേകിച്ച് കോവിഡ് കാലത്ത് എൻഎച്ച്എസിൻ്റെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.
Leave a Reply