ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസ് പ്രവർത്തനങ്ങൾ പരിഹരിക്കുവാനും, നിലവിൽ പൂർത്തിയാകാത്തവ പൂർത്തിയാക്കുവാനുമായി 5.4 ബില്യൺ പൗണ്ട് തുക അധികമായി അനുവദിച്ചിരിക്കുകയാണ് ഗവൺമെന്റ്. ഇത് എൻഎച്ച്എസിന്റെ മുൻനിര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും, ചികിത്സ ലഭിക്കുവാൻ വൈകുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുവാനും മറ്റും ഇത് പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഏകദേശം അഞ്ച് മില്യനോളം ജനങ്ങളാണ് ഇംഗ്ലണ്ടിൽ മാത്രം എൻഎച്ച്എസ് ആശുപത്രികളിലെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ തുക അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനായും, സർജറികൾ നടത്തുന്നതിനായും, എൻ എച്ച് എസിലെ ദൈനംദിന പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തും. കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ, പലപ്പോഴും സാധാരണ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഗവൺമെന്റ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എൻഎച്ച്എസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായും, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായും പണം ചിലവാക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി ടാക്സ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻഷുറൻസ് ടാക്സാണ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് . എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് തൊഴിലാളികൾക്ക് മേൽ കൂടുതൽ സമ്മർദങ്ങൾ ഉണ്ടാക്കുമെന്നും, അതോടൊപ്പം തന്നെ 2019ലെ ഇലക്ഷൻ സമയത്ത് നൽകിയ വാഗ്ദാന ലംഘനമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ക്യാബിനറ്റ് ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ നേരിടുവാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നൽകുന്നത്.