ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ മിനിമം വേതനവും നാഷണൽ ലിവിങ് വേജും വർദ്ധിക്കും. ബുധനാഴ്ചയിലെ ബജറ്റിൽ ഈ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിക്കും. 23 വയസ്സിന് മുകളിലുള്ളവരുടെ മിനിമം വേതനത്തിൽ 6.6% വർദ്ധനവ് ഉണ്ടാകും. മണിക്കൂറിൽ 8.91 പൗണ്ടിൽ നിന്ന് 9.50 പൗണ്ടായാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ നിരന്തരം സമ്മർദം നേരിടുകയായിരുന്നു. കുറഞ്ഞ വേതനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന് ചാൻസലർ റിഷി സുനക് വ്യക്തമാക്കി.
21-22 വയസ് പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.36 പൗണ്ടിൽ നിന്ന് 9.18 പൗണ്ടായും അപ്രന്റീസ് നിരക്ക് മണിക്കൂറിന് 4.30 പൗണ്ടിൽ നിന്ന് 4.81 പൗണ്ടായും വർദ്ധിപ്പിക്കും. 18 മുതൽ 20 വയസുവരെ പ്രായമുള്ളവരുടെ ദേശീയ മിനിമം വേതനം 6.56 പൗണ്ടിൽ നിന്ന് 6.83 പൗണ്ടായാണ് ഉയർത്തുന്നത്. ജീവനക്കാർക്ക് ലഭിക്കേണ്ട മിനിമം വേതനം അവരുടെ പ്രായത്തെയും അവർ അപ്രന്റീസുകളാണോയെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. മിനിമം വേതനത്തേക്കാൾ ഉയർന്നതാണ് നാഷണൽ ലിവിങ് വേജ്.
മിനിമം വേതനം ഉയരുന്നത് കൂടുതൽ തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്ന് തൊഴിലുടമകൾ ഭയപ്പെടുന്നു. വർദ്ധനവ് താങ്ങാനായി തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾ നിർബന്ധിതരാകുമെന്നതാണ് കാരണം. എന്നാൽ മിനിമം വേതന വർധനവിന്റെ ഫലമായി തൊഴിൽ നഷ്‌ടമായതിന്റെ തെളിവുകളില്ലെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഈ സമയം ചെറുകിട വ്യവസായങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. 2024 ഓടെ തൊഴിൽ ദാരിദ്ര്യം മുതലായവ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നികുതി വർദ്ധനവ്, ഉയർന്ന എനർജി ബില്ലുകൾ തുടങ്ങിയവ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്ത് ഈ വർദ്ധനവ് പൊതുജനങ്ങളെ സഹായിക്കാൻ പര്യാപ്തമല്ലെന്ന് ലേബറിന്റെ ഷാഡോ ചീഫ് സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ചൂണ്ടിക്കാട്ടി.
Leave a Reply