സീറ്റുകള്‍ക്കിടയിലുള്ള സ്ഥലം കുറച്ച് കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിക്കുന്ന ബജറ്റ് എയര്‍ലൈനുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയും കവച്ചുവെക്കുന്ന തീരുമാനവുമായാണ് ബജറ്റ് എയര്‍ലൈനായ വിവകൊളംബിയ വരുന്നത്. വിമാനങ്ങളില്‍ നിന്ന് സീറ്റുകള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അവസരമാണ് വിവകൊളംബിയ ഒരുക്കുന്നത്. ടിക്കറ്റ് നിരക്കുകകള്‍ വീണ്ടും കുറയ്ക്കാനും ഓരോ വിമാനത്തിലും കൂടുതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. നാട്ടിലെ സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന കാഴ്ച ഇനി വിമാനങ്ങളിലും കാണാനാകുമെന്ന് സാരം.

കൊളംബിയയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കും ചെലവു കുറഞ്ഞ വിദേശ വിനോദസഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ക്കും ഇത്തരം വിമാനങ്ങള്‍ അനുഗ്രഹമാകുമെന്നും കരുതുന്നു. വിവകൊളംബിയ സ്ഥാപകനും സിഇഒയുമായ വില്യം ഷോയാണ് ഇക്കാര്യം അറിയിച്ചത്. നിന്നുകൊണ്ട് വിമാനയാത്ര സാധ്യമാകുമോ എന്ന കാര്യത്തില്‍ ചിലര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള യാത്ര ചെലവ് കുറയ്ക്കുന്നതാണെങ്കില്‍ അത് നടപ്പാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രയില്‍ വിമാനത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമുണ്ടോ എന്നും മിനുസമുള്ള തറയാണോ എന്നും സൗജന്യ ഭക്ഷണം കിട്ടുമോ എന്നും ആരും നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സങ്കല്‍പം വ്യോമയാന വ്യവസായത്തില്‍ പുതിയതല്ല. 2003ല്‍ എയര്‍ബസ് ആണ് വെര്‍ട്ടിക്കല്‍ സീറ്റുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ല്‍ റയന്‍എയര്‍ ഇത്തരം സീറ്റുകള്‍ തങ്ങളുടെ വിമാനങ്ങളില്‍ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.