ലണ്ടന്‍: യു.കെയില്‍ ഇന്ന് മുതല്‍ ചില അവശ്യസാധനങ്ങളും അത്യാവശ്യ സേവനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവുണ്ടാകും. ആരോഗ്യം, വിമാന ടിക്കറ്റ്, എനര്‍ജി, ജലം, മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ടെലിവിഷന്‍ ലൈസന്‍സ് ഫീസ്, കൗണ്‍സില്‍ നികുതി തുടങ്ങിയ കാര്യങ്ങളിലാണ് വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ മേഖലയില്‍ പ്രധാനമായും പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. നിലവില്‍ 8.80 പൗണ്ടാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇതില്‍ 2.27 ശതമാനം വര്‍ധനവാണ് (20പെന്‍സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഉദര സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫാബ്രിക് ഉപകരണങ്ങള്‍, സര്‍ജിക്കല്‍ ബ്രാ, സ്‌പൈനല്‍ സപ്പോര്‍ട്ടുകള്‍ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്കും വില വര്‍ധിക്കും. ദന്ത പരിശോധനകള്‍ക്കായി എത്തുന്ന രോഗികളെയും വില വര്‍ധനവ് ബാധിക്കും. നിലവില്‍ 21.60 പൗണ്ടാണ് എന്‍.എച്ച്.എസ് സാധാരണ ദന്ത പരിശോധനകള്‍ക്കായി ഈടാക്കുന്നത്. ഇത് 5 ശതമാനം വര്‍ദ്ധനവോടെ 22.70 പൗണ്ടാകും.

മൊബൈല്‍ ഉപഭോക്താക്കളാണ് വിലക്കയറ്റം ബാധിക്കാന്‍ പോകുന്ന മറ്റൊരു വിഭാഗം മൊബൈല്‍ കോണ്‍ട്രാക്ട് പ്രൈസ് 2.5 ശതമാനം വര്‍ധനവ് ഇന്ന് നിലവില്‍ വരും. ത്രീ, ഇഇ, ഒ2, വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് വില വര്‍ധനവുണ്ടാകുക. ടെലിവിഷന്‍ ലൈസന്‍സ് ഫീസില്‍ 4 പൗണ്ടിന്റെ വര്‍ധനവുണ്ടാകും. സ്‌കൈ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ രണ്ട് പൗണ്ടിന്റെ വര്‍ധനവുണ്ടാകും. ഏപ്രില്‍ ഒന്നിന് മുന്‍പ് തുടങ്ങിയ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം നിലനില്‍ക്കുന്നവര്‍ക്ക് റിനീവല്‍ തിയതിക്ക് ശേഷം മാത്രമെ വിലവര്‍ധനവുണ്ടാകു. യു.കെയില്‍ ശരാശരി വീടുകളിലെ ചെലവ് 78 പൗണ്ടിലേക്ക് ഉയരുമെന്നാണ് സൂചന. ഏപ്രിലില്‍ നിലവില്‍ വരുന്ന കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയാണ് വര്‍ധനവ്. 2,000 മൈലില്‍ അപ്പുറം യാത്ര ചെയ്യുന്ന വിമാനയാത്രക്കാരുടെ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ 10 ശതമാനം(16 പൗണ്ട്) വര്‍ധനവുണ്ടായിട്ടുണ്ട്.

വെള്ളത്തിന്റെ നിലവിലുള്ള താരിഫില്‍ കാര്യമായ മാറ്റമുണ്ടാകും. കുളിക്കാനും കുടിക്കാനുമുള്ള വെള്ളത്തിന്റെ താരിഫിലാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. ഏതാണ്ട് 2 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ ഇന്ന മുതല്‍ നിലവില്‍ വരാന്‍ പോകുന്നത്. വര്‍ഷത്തില്‍ 8 പൗണ്ടിന്റെ വര്‍ധനവുണ്ടായേക്കും. മാറ്റങ്ങള്‍ ജലവിതരണ കമ്പനിക്ക് അനുസരിച്ച് മാറ്റമുണ്ടായേക്കാം. എനര്‍ജിയാണ് വില വര്‍ധിക്കാന്‍ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട മേഖല. റോയല്‍ മെയിലും വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്.