ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- ക്യാപിറ്റോൾ ബിൽഡിങ്ങിൽ നടന്ന കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന ആരോപണത്തിൽ, അദ്ദേഹത്തിനെതിരെ സെനറ്റിൽ നടന്ന ട്രയലിൽ 57 പേർ അദ്ദേഹം കുറ്റക്കാരനാണെന്ന ആരോപണത്തെ പിന്തുണച്ചു. 43 പേർ മാത്രമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത്തിനാൽ, അദ്ദേഹം കുറ്റവിമുക്തനായിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളായ ഏഴ് പേർ അദ്ദേഹത്തിനെതിരായി വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ബെൻ സസ്സേ, പാറ്റ് ടൂമി, മിറ്റ് റോമ്നി തുടങ്ങിയവരൊക്കെയാണ് അദ്ദേഹത്തിനെതിരെ വോട്ടു ചെയ്തത്. 67 വോട്ടുകൾ കൂടി അധികം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാൻ സാധിക്കുകയുള്ളൂ.

നിരവധി കലാപ പ്രർത്തനങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സെനറ്റ് മൈനൊരിറ്റി ലീഡർ മിച്ച് മക്ഗോനാൽ വ്യക്തമാക്കി. സെനറ്റിലെ സ്പീക്കറെ ഉപദ്രവിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ വൈസ് പ്രസിഡന്റിനെ കൊല്ലണം എന്ന മുദ്രാവാക്യവും അവർ മുഴക്കി. ഇവരിലേക്ക് ഇത്തരം നുണകളും മറ്റും പ്രചരിപ്പിച്ചത് മുൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് മക്ഗോനാൽ കുറ്റപ്പെടുത്തി.

ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ച ഒരു വിധിയാണ് ഇപ്പോൾ സെനറ്റിൽ നടന്നത്. എന്നാൽ സെനറ്റിൽ നടന്നത് തികച്ചും നാടകമാണെന്ന് ഡൊണാൾഡ് ട്രംപിന്റെ അഡ്വക്കേറ്റ് കുറ്റപ്പെടുത്തി. ഇത് ട്രംപിന്റെ തിരിച്ചുവരവായും ചിലർ വിലയിരുത്തുന്നുണ്ട്.