ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിനു നേരെയാണ് ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടത്. മീറ്റില്‍ ഹരിയാനയെ പിന്നിലാക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. കേരളാ ടീമിന്റെ ക്യാംപിലെത്തിയാണ് ഹരിയാന താരങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. കേരള നായകന്‍ പി എന്‍ അജിത്തടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റു. ഇവര്‍ ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഹരിയാന താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയതായി കേരള ടീം അധികൃതര്‍ അറിയിച്ചു. മര്‍ദ്ദിച്ച താരങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കേരളം മീറ്റില്‍ ഇന്ന് ഹരിയാണയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏഴ് സ്വര്‍ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 64 പോയന്റുമായാണ് കേരളം കുതിക്കുന്നത്. ഹരിയാനയ്ക്ക് 53 പോയന്റാണുള്ളത്. ഇന്ന് പി ആര്‍ ഐശ്വര്യ (ട്രിപ്പിള്‍ ജംപ്), അലക്സ് പി തങ്കച്ചന്‍ (ഡിസ്ക്കസ് ത്രോ), എ വിഷ്ണു പ്രിയ (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവയില്‍ സ്വര്‍ണം നേടി.