ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി അനുയായികളെ കാണാന്‍ പോയ കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു.
ലോകത്താകമാനം വൈറസ് ബാധിച്ചത് കോടിക്കണക്കിനാളുകള്‍ക്കാണ്. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള് ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.
ഇവരില്‍ ആര്‍ക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാം. ചിലപ്പോള്‍ ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നും ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.
Leave a Reply