തന്റെ നര്‍മസംഭാഷണം കൊണ്ട് ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയന്‍. സ്വതേ ചിരികുറവായ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഉഴവൂര്‍ വിജയന്‍ സ്റ്റേജിലെത്തിയാല്‍ ഒന്ന് കാതുകൂര്‍പ്പിച്ചിരിക്കും. ചിലപ്പൊള്‍ അപ്രതീക്ഷിതമായി പൊട്ടിച്ചിരിച്ചെന്നിരിക്കും. പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഓരോ വാക്കിലും ചിരിയുടെ വെടിമരുന്ന് നിറയ്ക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ഥാനാര്‍ഥിയേക്കാലും തിരക്ക് വിജയനായിരുന്നു. ഉഴവൂര്‍ വിജയനെ പ്രസംഗത്തിനായി കിട്ടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വിജയന്‍ ഓടിയെത്തിയെത്തും. നര്‍മം കലര്‍ത്തി സംസാരിക്കുന്നതിനാല്‍ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. ഇ.കെ.നായനാര്‍ക്കും, ലോനപ്പന്‍ നമ്പാടനും ടി.കെ. ഹംസയ്ക്കും ശേഷം നാടന്‍ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമോ എന്ന് സംശയം. അലക്കിത്തേച്ച ഖദറിട്ട് അതിനേക്കാള്‍ അലക്കിതേച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലത്താണ് ഉഴവൂര്‍ നര്‍മവും ചിന്തയും സമാസമം കലര്‍ത്തി രാഷ്ട്രീയ എതിരാളികളുടെ മര്‍മത്തടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏത് വേദിലിയായാലും ഉഴവൂരിനായി ഒരു കസേര എപ്പോഴും മുന്‍നിരയില്‍ റെഡിയായിരുന്നു. എന്‍സിപി സംഘടിപ്പിച്ച ‘ഉണര്‍ത്തുയാത്രയില്‍’ കാസര്‍ഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂര്‍ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ‘ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിര്‍ത്തും സംസാരിക്കുമ്പോള്‍ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂര്‍ വിജയന്‍ അന്ന് നര്‍മരൂപത്തില്‍ നല്‍കിയ മറുപടി.
Leave a Reply