ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- പ്രമുഖ ഖാലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണത്തെ തുടർന്ന് ഇന്ത്യ -കാനഡ ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ഈ വർഷം ജൂൺ 18 നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ അഭിപ്രായങ്ങളും തികച്ചും അസംബന്ധമാണെന്ന് ഇന്ത്യൻ ഗവൺമെന്റ് പ്രതികരിച്ചിരുന്നു. ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിനു പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയാണ് പുറത്താക്കപ്പെട്ടത്. ഈ നീക്കത്തിന് മറുപടിയായി, മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കാനഡയുടെ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യ- കാനഡ ബന്ധം മോശമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും നിലവിലെ ആരോപണങ്ങളെ കുറിച്ച് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ ഇവയെ ഗുരുതരമായ ആരോപണങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരത്തിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോൾ ഇന്ത്യയും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം തകരുമോ എന്ന ആശങ്കയും വിദഗ്ധർക്കിടയിൽ നിലനിൽക്കുന്നു. എന്നാൽ ഈ തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ളത് മാത്രമാണെന്നും ഇത് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്