മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസീസിന് ഉജ്വല വിജയം. 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (117) അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ (91) അവസാന നിമിഷം ആഞ്ഞടിച്ച ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. കരിയറിലെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ഓസീസ് യുവതാരം ആഷ്ടണ്‍ ടര്‍ണറാണ് മത്സരം പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. 42 പന്തുകള്‍ നേരിട്ട ടര്‍ണര്‍ ആറു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 82 റണ്‍സോടെ പുറത്താകാതെ നിന്നു.

മൊഹാലിയില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോഡും ഓസീസ് സ്വന്തമാക്കി. 2007-ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പിന്തുടര്‍ന്ന് ജയിച്ച 322 റണ്‍സായിരുന്നു ഇവിടത്തെ ഉയര്‍ന്ന റണ്‍ചേസ്. 2013-ല്‍ ഓസീസ് ഇവിടെ 304 റണ്‍സ് പിന്തുടര്‍ന്നും ജയിച്ചിട്ടുണ്ട്.

മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്നെറിഞ്ഞ അവസാന 23 പന്തില്‍ 62 റണ്‍സാണ് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഓസീസ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ കൂടിയായപ്പോള്‍ ഓസീസിന് വിജയം എളുപ്പമായി. ടര്‍ണറിന്റെ രണ്ടു ക്യാച്ചുകളാണ് അവസാന നിമിഷം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഋഷഭ് പന്ത് ഒരു സ്റ്റംമ്പിങ് അവസരവും നഷ്ടപ്പെടുത്തി.

ഇന്ത്യക്കായി വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67 റണ്‍സ് വഴങ്ങി. യൂസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി.

ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-2 ന് ഓപ്പമെത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന അഞ്ചാം ഏകദിനം പരമ്പര വിജയികളെ നിശ്ചയിക്കും.

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 12 റണ്‍സിനിടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0), ഷോണ്‍ മാര്‍ഷ് (6) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഉസ്മാന്‍ ഖ്വാജ – പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 192 റണ്‍സ് ഓസീസ് സ്‌കോറിലേക്ക് ചേര്‍ത്തു. ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാറും മാര്‍ഷിനെ ജസ്പ്രീത് ബുംറയും പുറത്താക്കി. ഇടവേളയ്ക്കുശേഷം ടീമിലേക്കു മടങ്ങിയെത്തിയ ഭുവനേശ്വര്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഫിഞ്ചിനെ പുറത്താക്കുന്നത്.

105 പന്തില്‍ നിന്ന് മൂന്നു സിക്‌സും എട്ടു ബൗണ്ടറികളും സഹിതം 117 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 99 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളടക്കമാണ് ഖ്വാജ 91 റണ്‍സെടുത്തത്. പിന്നീടെത്തിയ മാക്‌സ് വെല്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 23 റണ്‍സില്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. അലക്‌സ് കാരിയാണ് (21) പുറത്തായ മറ്റൊരു താരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും സെഞ്ചുറിക്ക് അഞ്ചു റണ്‍സകലെ പുറത്തായ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാന്‍ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യന്‍ മണ്ണിലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും.

115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്. ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് – ധവാന്‍ സഖ്യം 150-ന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്സണിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകള്‍ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 95 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ഏഴു റണ്‍സെടുത്ത് പുറത്തായി.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുല്‍ 26 റണ്‍സെടുത്ത് പുറത്തായി. തകര്‍ത്തടിച്ച ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്തായി. അവസാന നിമിഷം തകര്‍ത്തടിച്ച വിജയ് ശങ്കറാണ് (15 പന്തില്‍ 26 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 350 കടത്തിയത്. ഇന്നിങ്‌സിന്റെ അവസാന പന്ത് സ്‌ക്‌സര്‍ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.

നേരത്തെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോള്‍ 18-ാം ഓവറില്‍ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാന്‍ – രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 4387 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍ – സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.

ഏകദിനത്തില്‍ ഇത് 15-ാം തവണയാണ് ധവാനും രോഹിതും ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി, 16 തവണ 100 റണ്‍സ് പിന്നിട്ട ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ എന്നിവരാണ് ധവാന്‍-രോഹിത് ജോഡിക്ക് മുന്നിലുള്ളത്.

ഓസീസിനായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് 10 ഓവറില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത താരങ്ങളില്‍ കമ്മിന്‍സ് അഞ്ചാം സ്ഥാനത്തെത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാഡ്സണും നന്നായി തല്ലു വാങ്ങി. ഒമ്പത് ഓവറില്‍ 85 റണ്‍സാണ് താരം വഴങ്ങിയത്.