ലണ്ടന്‍: യുകെയിലെ നാല് കോടിയോളം ജനങ്ങള്‍ ജീവിക്കുന്നത് അനിയന്ത്രിതമായി മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലെന്ന് വെളിപ്പെടുത്തല്‍. ഡീസല്‍ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം അനുവദിക്കപ്പെട്ട പരിധിയേക്കാള്‍ മുകളിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും ആളുകളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി നടത്തിയ വിശകലനത്തില്‍ വ്യക്തമായി. ഇവരില്‍ 59 ശതമാനവും തമാസിക്കുന്നത് പട്ടണങ്ങളിലും വന്‍നഗരങ്ങളിലുമാണ്. ക്യുബിക് മീറ്റര്‍ വായുവില്‍ 40 മൈക്രോഗ്രാം മാത്രം അനുവദനീയമായിട്ടുള്ള നൈട്രജന്‍ ഡയോക്‌സൈഡ് ഈ പ്രദേശങ്ങളില്‍ അതിനും അപ്പുറമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.

വായു മലിനീകരണം ദേശീയതലത്തിലുള്ള വിഷയമാണെന്ന് ലേബര്‍ ഷാഡോ പരിസ്ഥിതി, റൂറല്‍ അഫയേഴ്‌സ് സഹമന്ത്രി സൂ ഹേയ്മാന്‍ പറഞ്ഞു. യുകെ പൗരന്‍മാരെ അപകടത്തിലാക്കുന്ന ഈ വിഷയം തെരഞ്ഞെടുപ്പില്‍ മുക്കിക്കളയാന്‍ ടോറികളെ അനുവദിക്കില്ലെന്നാണ് ലേബര്‍ നിലപാട്. മലിനീകരണ മുക്ത പ്രദേശങ്ങളുടെ ശൃംഖല സ്ഥാപിക്കാനാണ് ലേബര്‍ ശ്രമിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്ന പ്രദേശങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധനകളില്‍ അന്താരാഷ്ട്ര മാനദണ്ഡമായി പരിഗണിക്കാവുന്ന വിധത്തില്‍ ഈ പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പദ്ധതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബര്‍ദീന്‍, ബര്‍മിംഗ്ഹാം, ബോണ്‍മൗത്ത്, ബേണ്‍ലി, ഡെര്‍ബി, ചെംസ്‌ഫോര്‍ഡ്, ലീഡ്‌സ്, നോര്‍ത്താംപ്റ്റണ്‍, റിച്ച്‌മോണ്ട് തുടങ്ങിയ ലോക്കല്‍ അതോറിറ്റി മേഖലകളില്‍ നൈട്രജന്‍ ഡയോക്‌സൈഡ് അളവ് അനുവദിക്കപ്പെട്ടതിലും ഏറെയാണ്. മലിനീകരണ നിയന്ത്രണത്തിനായി കര്‍ശന നടപടികള്‍ പ്രഖ്യാപിക്കുന്നത് കുറച്ചുകൂടി വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് സര്‍ക്കാര്‍ കത്ത് നല്‍കാനിരിക്കെയാണ് ലേബര്‍ ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.