ന്യൂസ് ഡെസ്ക്

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. 14 ദിവസത്തിന് ശേഷം വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. ഉച്ചയ്ക്ക് 2.05ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ആദ്യം പറന്നുയരുന്നതും 3.25 ന് ഈ വിമാനം തന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളം പൂര്‍ണസജ്ജമാകുന്നത്. ഇന്നുതന്നെ 30 വിമാനങ്ങള്‍ കൂടി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. വൈകിട്ട് 4.30 ന് മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ഇവിടെ ഇറങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷം എത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആയിരത്തോളം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി 24 മണിക്കൂറോളം പ്രയത്‌നിച്ചാണ് വിമാനത്താവളത്തെ പ്രവര്‍ത്തനസജ്ജമാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലിലെ കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിങ് മെഷിനുകളും വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്. ഇതുവരെ 300 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്‌. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗ ശൂന്യമാവുകയും റണ്‍വേയ്ക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന്റെ 25 ശതമാനം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഇതെല്ലാം താത്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

വിമാനത്താവളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇത്രയും നാള്‍ കൊച്ചി നാവിക താവളത്തില്‍ നിന്ന് താത്കാലികമായി ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്നു.