നിബന്ധനകളുടെ പേരിൽ കണ്ണൂരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. പ്രവേശന പരീക്ഷയ്ക്കായി വസ്ത്രങ്ങളുടെ കാര്യത്തിൽ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ വേറെയും നിരവധി പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നു. മെഡിക്കൽ പ്രവേശനത്തിനായുള്ള പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾ ഇന്നലെ മാധ്യമങ്ങളോടാണ് തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.
“പരീക്ഷയ്ക്കായി സെന്ററിന് അകത്തേക്ക് പോയ എന്റെ മകൾ കുറച്ച് കഴിഞ്ഞ് തിരികെ വന്നു. അപ്പോൾ അവളുടെ കൈയ്യിൽ അടിവസ്ത്രവും ഉണ്ടായിരുന്നു” പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഈ സംഭവം നടന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ പെൺകുട്ടിയുടെ ബ്രായുടെ ലോഹക്കൊളുത്ത് കണ്ടെത്തി. ഇത് മാറ്റാനാകാതെ അകത്ത് കയറാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് പെൺകുട്ടിക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്.
പയ്യാമ്പലത്തെ തയ്യൽ തൊഴിലാളിയുടെ മകൾ ധരിച്ച ജീൻസ് പാന്റിലെ കൊളുത്ത് ലോഹമായിരുന്നു. ഇത് മാറ്റിക്കഴിഞ്ഞപ്പോൾ പുറകിലെ പോക്കറ്റിനും ലോഹം ഉണ്ടെന്നും ഇതും അഴിക്കണമെന്നും അധികൃതർ നിർബന്ധം പറഞ്ഞു. ഇതോടെ വളരെ ദൂരെയുള്ള ഒരു വസ്ത്രക്കട തുറപ്പിച്ച്, ലെഗ്ഗിൻസ് വാങ്ങി മകൾക്ക് നൽകുകയായിരുന്നു അച്ഛൻ.
സ്കൂളിന് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകൾ പലർക്കും വസ്ത്രങ്ങൾ മാറി നൽകിയിരുന്നു. എന്നാൽ പലർക്കും ദൂരെയുള്ള കടകളിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങേണ്ടി വന്നു.
പ്രവേശന പരീക്ഷയുടെ നിബന്ധനകളിൽ വസ്ത്രവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ ചൂരിദാറിന് നീളമുള്ള കൈയ്യുണ്ടാകരുതെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ നീളമുള്ള കൈയുള്ള ചൂരിദാർ ധരിച്ചവരുടെ വസ്ത്രത്തിൽ നിന്ന് കൈയുടെ ഭാഗം മുറിച്ചു കളഞ്ഞു. അഞ്ചരക്കണ്ടി മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥിനിയുടെ വസ്ത്രം മുറിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞപ്പോൾ അധികൃതർ ഇത് നിർത്തി.
എന്നാൽ ഈ പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന് സംസ്ഥാന കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന കമ്മിഷൻ സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവി മുന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
Leave a Reply