നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതൊടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തും. ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കനത്ത മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്
തുഴച്ചിൽകാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറത്തിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ നിരീക്ഷിക്കാൻ പരിശീലന സമയം മുതൽ സ്‌പെഷ്യൽ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തി.
വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ലോകമെങ്ങുമറിയപ്പെടുന്നതും എന്നാല്‍ ഏകീകൃതമല്ലാത്തതുമായ തനതു ജലവിനോദമായ ചുണ്ടന്‍ വള്ളംകളിയെ സിബിഎല്ലിലൂടെ കൂടുതല്‍ മികവുറ്റതാക്കാനും ഐപിഎല്‍ മാതൃകയില്‍ വാണിജ്യവത്ക്കരിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും വിശിഷ്ടവ്യക്തികളുടെയും പങ്കാളിത്തം ഊര്‍ജം പകരും.
മൂന്നുമാസം നീളുന്ന സിബിഎല്ലില്‍ ഒമ്പത് ടീമുകളാണ് മത്സരിക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് നടക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി കേരള ടൂറിസം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദി സോഷ്യല്‍ സ്ട്രീറ്റ് എന്നീ കമ്പനികള്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് സിബിഎല്‍ കണ്‍സള്‍ട്ടന്റ്.
മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15ലക്ഷം, 10 ലക്ഷം രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. ഇതിനുപുറമേ ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5ലക്ഷം , 3 ലക്ഷം,1 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
Leave a Reply