കിടപ്പുരോഗിയായ വയോധികയെ വീടുകയറിയാക്രമിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. അയല്‍വാസിയായ കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച വൈകുന്നേരം മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പോലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന്‍ മനോജ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അയല്‍വാസികളാണ് അമ്മിണി മുറിവേറ്റു കിടക്കുന്നതുകണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാല, മൂന്നു വള, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

സാമ്പത്തികബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു മേഴ്‌സി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍കൂടി സംഭവസമയത്ത് മേഴ്‌സിക്കൊപ്പമുണ്ടായിരുന്നതായി വിവരംലഭിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.