ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ്ഷെയർ : ഓക്സ്ഫോർഡ്ഷെയറിലെ തന്റെ വീട്ടിൽ സുരക്ഷാ ക്യാമറകളും റിംഗ് ഡോർബെല്ലും സ്ഥാപിച്ച ജോൺ വുഡാർഡ് ഒരിക്കലും ചിന്തിച്ചുകാണില്ല, തനിക്കിത്തരമൊരു പണി കിട്ടുമെന്ന്! ക്യാമറയും, മൈക്രോഫോണുമുള്ള ഡോർബെൽ അയൽവാസിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു എന്നതായിരുന്നു പ്രശ്‌നം. വുഡാർഡിന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ തന്റെ സ്വകാര്യതയെ ലംഘിക്കുന്നുവെന്ന കാരണത്താൽ അയൽവാസിയായ ഡോ. മേരി ഫെയർഹർസ്റ്റ് സമർപ്പിച്ച പരാതിയിൽ കോടതി വിധി പറഞ്ഞു. മേരിയുടെ വാദങ്ങൾ ശരിവച്ച കോടതി വുഡാർഡിന് വൻ തുകയാണ് പിഴയിട്ടത്. എന്നാൽ മോഷ്ടാക്കൾക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് താൻ ഉപകരണങ്ങൾ സ്ഥാപിച്ചതെന്ന് വുഡാർഡ് വ്യക്തമാക്കി. വുഡാർഡ് 2018 -ലെ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ടും, ജനറൽ ഡേറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനും ലംഘിച്ചുവെന്ന് വിചാരണ വേളയിൽ ജഡ്ജി മെലിസ ക്ലാർക്ക് കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് വർഷം മുമ്പ് മോഷ്ടാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കാർ മോഷ്ടിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആമസോണിൽ നിന്ന് റിംഗ്ബെല്ലുകൾ വാങ്ങി വാതിലിൽ ഘടിപ്പിച്ചത്. ഇന്റർനെറ്റിൽ കണക്റ്റു ചെയ്‌ത ബെല്ലിലൂടെ വീടിന് പുറത്ത് നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയും. അത് മാത്രമല്ല 40 അടിയിലധികം ദൂരത്ത് നിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. അയൽവാസിയുടെ ക്യാമറ തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്നുണ്ടെന്ന് മനസിലാക്കിയ മേരി, വുഡാർഡിനോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അയാൾ മോശമായി പെരുമാറിയെന്ന് കോടതിയിൽ പറഞ്ഞു.

ഓരോ നിമിഷവും താൻ വുഡാർഡിന്റെ നിരീക്ഷണത്തിലായതിനാൽ മാനസിക ബുദ്ധിമുട്ട് നേരിട്ടെന്നും സ്വഭവനത്തിൽ നിന്ന് മാറാൻ നിർബന്ധിതയായി എന്നും അവർ കോടതിയിൽ പറഞ്ഞു. മേരിയുടെ വീടിന്റെയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങൾ റിംഗ്ബെൽ പകർത്തിയതായി കണ്ടെത്തി. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്ന് കോടതി പറഞ്ഞു. അതേസമയം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഈ ഡോർബെൽ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് പറഞ്ഞു.