പണമടയ്ക്കാൻ ബാങ്കിലേക്കു പോകവെ സ്കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്‌ഷൻ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുക്കിൽ പെട്ട സ്കൂട്ടി ഒരു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെടുത്തു. ബങ്കളം കൂട്ടപ്പുന്ന കള്ളിപ്പാലിലെ എം.വി.സുനിത (38) യാണ് ബങ്കളം പുതിയകണ്ടം ചാലിൽ വീണത്. മടിക്കൈ സർവീസ് സഹകരണ എരിക്കുളം ശാഖയിലെ കലക്‌ഷൻ ഏജന്റായ ഇവർ വീട്ടിൽ നിന്നു ബാങ്കിലേക്കു പണമടയ്ക്കാൻ പോകുകയായിരുന്നു.
ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിന്റെ പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപുള്ള പൊന്തക്കാട്ടിലേക്കു ചെരിയുകയും അതുവഴി ചാലിലേക്കു വീഴുകയുമായിരുന്നു. തൊട്ടു പിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ മടിക്കൈ കോളിക്കുന്നിലെ എം.വി.രാജു സുനിത ചാലിലേക്കു വീഴുന്നത് കണ്ടിരുന്നു. ഇദ്ദേഹം വാഹനം നിർത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്കു ചാടി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറും പണവും രേഖകളുമടങ്ങിയ ബാഗും ഒഴുക്കിൽ പെട്ടു.ചാലിൽ നിന്നു കരയ്ക്കു കയറിയ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്കു വിട്ടു.
കൂടുതൽ പേർ എത്തി പുഴയിൽ ചാടി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂട്ടർ കിട്ടിയത്. ബങ്കളം– എരിക്കുളം റോഡിൽ ആണ് പള്ളത്തു വയൽ ചാൽ. വേനലിൽ കൃഷി ആവശ്യത്തിനു വെള്ളം കെട്ടി നിർത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുള്ള ചാലിൽ 10 അടിക്കു മേൽ വെള്ളമുണ്ടായിരുന്നു. പിലാത്തറ മുണ്ടൂരിലെ രമേശന്റെ ഭാര്യയാണ് അപകടത്തിൽ പെട്ട സുനിത. സുനിതയുടെ ജീവൻ രക്ഷിച്ച രാജു എരിക്കുളം സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആണ്. ഡിവൈഎഫ്ഐ ബങ്കളം യൂണിറ്റ് രാജുവിനെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
Leave a Reply