നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.

മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.

സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.

മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെ‍ഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.