തിരുവനന്തപുരം: നേപ്പാൾ ദുരന്തം ഒരു കുടുംബത്തെ മുഴുവൻ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ ചെങ്കോട്ടുകോണം. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ 7ന് വീട്ടിലേക്കു കൊണ്ടുവരും.

സഹോദരങ്ങളായ മൂന്ന് പോർക്കും കൂടി വലിയ കുഴിമാടമാണ് തയ്യാറാക്കിയത്. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്.