സുധിന്‍ ടി കെ

കീഴാറ്റൂര്‍ : മണ്ണിന് വേണ്ടി കേരളം ഒന്നിക്കുന്നു . കീഴാറ്റൂര്‍ സമരം ചരിത്രമാകുന്നു . ഉപ്പുസത്യാഗ്രഹത്തിന്റെയും ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെയും ചരിത്രമുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ കീഴാറ്റൂര്‍ സമരം കുറിച്ചിടുന്നത് കര്‍ഷക സമരത്തിന്റെ പുതിയ വിപ്ലവ മുഖമാണ്. ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തരുതെന്നാവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയവര്‍ കീഴാറ്റൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഉണ്ടായ ഈ മാതൃകാസമരം കര്‍ഷക പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് പക്ഷ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുകയാണ്.തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡിനായി നികത്തപ്പെടുന്ന തങ്ങളുടെ കുടിവെള്ള സ്രോതസ്സു കൂടിയായ പാടശേഖരത്തെ രക്ഷിച്ചെടുക്കാനാണ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയുണ്ടാക്കി സമര രംഗത്തേക്കിറങ്ങിയത്. 19 ദിവസം നിരാഹാര സത്യാഗ്രഹം നടത്തി വയല്‍ നികത്തുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പുമന്ത്രിയില്‍നിന്നും അനുകൂലമായ ഉറപ്പ് അവര്‍ നേടിയെടുത്തിരുന്നു. എന്നാല്‍ ധാരണയ്ക്ക് വിരുദ്ധമായി നാലര കിലോമീറ്ററോളം വയലിന്റെ നടുവിലൂടെ തന്നെ റോഡ് പണിയുന്നതിനായി വിജ്ഞാപനമിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ഒരു വര്‍ഷമായി തുടരുന്ന പ്രത്യക്ഷ സമരങ്ങളുടെ പ്രതിഷേധമാണ് പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നത്.ചൈനയെയും ഉത്തരകൊറിയയെയും അമേരിക്ക ആക്രമിക്കുന്നതില്‍ വ്യസനം കൊള്ളുന്ന കോടിയേരി സഖാവിന് പാര്‍ട്ടി ഗ്രാമത്തിലെ കര്‍ഷകരുടെ ആശങ്ക കാണാന്‍ കഴിയാഞ്ഞിട്ടല്ല , മറിച്ച് വികസനത്തിന്റെ മറപിടിച്ച് വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്ന വന്‍കിട മാഫിയകള്‍ പദ്ധതിയുടെ പേരില്‍ പോക്കറ്റില്‍ ഇട്ടു തരുന്ന കമ്മീഷനാണ് സഖാവിന് പഥ്യം. കര്‍ഷകരായ ന്യൂനവര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഒരു പ്രസ്ഥാനത്തിനും ഈ ലോകത്ത് നിലനില്‍പ്പുണ്ടായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഇന്ത്യയുടെ ഭൂപടത്തില്‍ അവസാന മൂലയിലേക്ക് മാത്രം ഒതുങ്ങി പോയ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരള സര്‍ക്കാരിന്റെയും നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി എന്നു തന്നെ പറയേണ്ടി വരും.ഭരണത്തിലെത്താന്‍ സി പി എം നടത്തുന്ന പ്രത്യേയശാസ്ത്ര വാചകമടിയും , സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എടുക്കുന്ന ഇരട്ടതാപ്പുമാണ് കീഴാറ്റൂര്‍ സമരത്തിലൂടെ തെളിയുന്നത്. പ്രായോഗികമായും അങ്ങേയറ്റം കര്‍ഷകവിരുദ്ധ നയം സ്വീകരിച്ച് അവര്‍ വലത് രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നു . അതായത് കമ്മൂണിസ്സം നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ . സമാധാനപരമായി തെരഞ്ഞെടുപ്പും , രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കാതെ , വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വെട്ടി നിരത്തുന്ന പാര്‍ട്ടി കോട്ടകളായ ഗ്രാമങ്ങളിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഈ സമരം നടന്നത് എന്ന് ഓര്‍ക്കണം.

പ്രകൃതി സ്‌നേഹവും കര്‍ഷക സ്‌നേഹവും പറഞ്ഞ് ഭരണത്തിലെത്തിയ സിപിഎം , മുതലാളിമാര്‍ക്ക് വേണ്ടി വികസനത്തിന്റെ പേരില്‍ നന്ദിഗ്രാമില്‍ പാര്‍ട്ടി സഖാക്കളെ കൊന്നൊടുക്കിയിരുന്നു . അതേ ബംഗാള്‍ സഖാക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് കീഴാറ്റൂരിലെ കര്‍ഷകരെ പെരുവഴിയിലാക്കി സിപിഎം നടപ്പിലാക്കാന്‍ പോകുന്ന ഈ വികസന മാതൃക എന്നതാണ് യാഥാര്‍ത്ഥ്യം.