നെട്ടൂര്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം വഴിതെറ്റിച്ചത് പ്രതികളുടെ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുതല്‍, ചോദ്യം ചെയ്യലില്‍വരെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി കൃത്യമായ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്.

പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം രണ്ടാം തീയതി രാത്രിതന്നെ അര്‍ജുനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ മൃതദേഹം ചവിട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാന്‍ മുകളില്‍ വേലിക്കല്ലുകളും ഉറപ്പിച്ചു. ഒരു തെരുവുനായയെ തല്ലിക്കൊന്ന് മൃതദേഹം മറവുചെയ്ത സ്ഥലത്തിന് സമീപം കൊണ്ടിട്ടു. ദുര്‍ഗന്ധം വമിച്ചാലും നായ ചത്തുകിടക്കുന്നതുകൊണ്ടാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

സ്വാഭാവികമായും ഇവരുടെ ശ്രമം പ്രാഥമികമായി ഫലം കണ്ടു. ദുര്‍ഗന്ധമുണ്ടായെങ്കിലും കൊലപാതകം നടന്നതായോ, മൃതദേഹം ആ ഭാഗത്ത് കിടക്കുന്നതായോ നാട്ടുകാര്‍ സംശയിക്കാതിരുന്നത് പ്രതികളുടെ ഈ നീക്കം മൂലമാണ്. പിന്നീട് കലൂരിലെത്തിയ പ്രതികള്‍ അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സ‍ഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു.

പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. കൊലപാതകത്തിനുശേഷം കൃത്യമായ കൂടിയാലോചന പ്രതികള്‍ നടത്തിയിരുന്നു. മൂന്നുപ്രാവശ്യം പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യമുണ്ടാകാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.

അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.