ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- അടുത്താഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന റെയിൽവേ ജീവനക്കാരുടെ സ്ട്രൈക്ക് ദിവസങ്ങളിൽ പകുതി ട്രെയിൻ സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. നെറ്റ്‌വർക്ക് റെയിലിലെ ആർ എം റ്റി യൂണിയൻ അംഗങ്ങളാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ 21,23,25 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റു ദിവസങ്ങളിലും ബാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. വേറെ വഴികൾ ഒന്നുമില്ലാതെ, വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യേണ്ട സാഹചര്യമാണ് അടുത്തയാഴ്ച ബ്രിട്ടനിൽ നിലനിൽക്കുന്നത്. നിലവിലെ സമരം ബ്രിട്ടന്റെ സാമ്പത്തികവ്യവസ്ഥയെ സാരമായ രീതിയിൽ തന്നെ ബാധിക്കുമെന്ന് കൺസർവേറ്റീവ് എംപി ആൻട്രു ബ്രിഡ്ജൻ വ്യക്തമാക്കി. കോവിഡിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ സമരം സാമ്പത്തികരംഗത്തെ വളർച്ചയെ തളർത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോൺവാളിലെ പെൻസാൻസ്, ഡോർസെറ്റിലെ ബോൺമൌത്ത്, സൗത്ത് വെയിൽസിലെ സ്വാൻസി, നോർത്ത് വെയിൽസിലെ ഹോളി ഹെഡ്, ചെഷൈയറിലെ ചെസ്റ്റർ, ലങ്കഷെയറിലെ ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ പാസഞ്ചർ സർവീസുകൾ ഒന്നുംതന്നെ ഉണ്ടാവുകയില്ലെന്ന് നെറ്റ് വർക്ക് റെയിൽ അറിയിച്ചു.

ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഉടൻതന്നെ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യമാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ ആർ എം റ്റി യൂണിയൻ വളരെ വേഗത്തിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി കുറ്റപ്പെടുത്തി. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ സമരം ആകും ഈ മൂന്നുദിവസം നടക്കാൻ പോകുന്നത്. നെറ്റ്‌വർക്ക് റെയിലിലെ 40,000 ത്തോളം സ്റ്റാഫുകളും 13 ട്രെയിൻ ഓപ്പറേറ്റർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ തങ്ങൾക്ക് താങ്ങാനാവുന്നതല്ലെന്ന് ആർ എം റ്റി വക്താവ് വ്യക്തമാക്കി. ഏതൊരു തുറന്ന ചർച്ചയ്ക്കും യൂണിയൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply