ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതുതായി പുറത്തിറക്കാനുദ്ദേശിക്കുന്ന 50 പൗണ്ട് നോട്ടില്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള മഹദ് വ്യക്തികളില്‍ ആരുടെയെങ്കിലും ചിത്രം നല്‍കുന്നു. ഇതിനായി സെന്‍ട്രല്‍ ബാങ്ക് സബ്മിഷനുകള്‍ ക്ഷണിച്ചു. ആദ്യമായാണ് വംശീയ ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം കറന്‍സിയില്‍ വരുത്തുന്നത്. 2020 മുതല്‍ വിപണിയിലെത്തുന്ന പ്ലാസ്റ്റിക് നോട്ടിനു വേണ്ടിയാണ് ഈ നീക്കം. രണ്ടാം ലോകമഹായുദ്ധ നായികയായ മുസ്ലീം വനിത നൂര്‍ ഇനായത് ഖാന്റെ ചിത്രം നോട്ടില്‍ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ നേതൃത്വവും ചരിത്രകാരന്‍മാരും ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് സെഹ്‌റ സെയ്ദി ആരംഭിച്ച ക്യാംപെയിനിന് പിന്തുണയുമായി ചരിത്രകാരനും ബിബിസി അവതാരകനുമായ ഡാന്‍ സ്‌നോ, എംപിയായ ടോം ടേഗന്‍ഡ്ഹാറ്റ്, ബാരോണസ് സയിദ വര്‍സി തുടങ്ങിയവര്‍ രംഗത്തെത്തി. ആദ്യ ദിവസം തന്നെ നൂറുകണക്കിനാളുകളാണ് ക്യാംപെയിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. നൂര്‍ ഇനായത് ഖാന്‍ ജനങ്ങള്‍ക്ക് എന്നും പ്രചോദനാത്മകമായ വ്യക്തിത്വമായിരുന്നു. ഒരു ബ്രിട്ടീഷ് പൗര, പോരാളി, എഴുത്തുകാരി, മുസ്ലീം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെ പിന്തുണച്ചയാള്‍, സൂഫി, ഫാസിസത്തിനെതിരെ പോരടിച്ചയാള്‍ തുടങ്ങി വളരെ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു നൂര്‍ ഇനായത് ഖാന്‍ എന്ന് സെഹ്‌റ സെയ്ദി പറഞ്ഞു.

ഒരു മുസ്ലീം സൂഫി സമാധാനവാദിയായിരുന്ന ഇവര്‍ ഒരു ബാലസാഹിത്യകാരിയായാണ് കരിയര്‍ ആരംഭിച്ചത്. പാരീസിലായിരുന്നു ഇവര്‍ ആ സമയത്ത് കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. നാസികള്‍ക്കെതിരെ ബ്രിട്ടന്‍ ഇവരെ ചാരവൃത്തിക്ക് നിയോഗിച്ചു. ഫ്രാന്‍സിന്റെ പതനത്തിനു ശേഷം ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഇവര്‍ക്ക് വിമന്‍സ് ഓക്‌സിലറി എയര്‍ഫോഴ്‌സില്‍ പരിശീലനം ലഭിച്ചു. പിന്നീട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവില്‍ സീക്രട്ട് ഏജന്റായി നിയമിതയായി. നാസികളുടെ അധീനതയിലായിരുന്ന ഫ്രാന്‍സിനേക്ക് നിയോഗിക്കപ്പെട്ട ആദ്യവനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു ഇവര്‍. 1943ല്‍ 29 വയസുള്ളപ്പോഴായിരുന്നു ഇത്.

ഇന്ത്യന്‍ രാജകുടുംബാംഗമായിരുന്ന പിതാവിനും അമേരിക്കക്കാരിയായ മാതാവിനും ജനിച്ച നൂര്‍ ഇനായത് ഖാനാണ് പാരീസില്‍ പ്രതിരോധ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്. പിന്നീട് ഒരു ഫ്രഞ്ച് വനിത ഇവരെ ഒറ്റിക്കൊടുക്കുകയും ദാഹോ കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ 10 മാസത്തോളം പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഒടുവില്‍ നാസി ജര്‍മനിയുടെ കുപ്രസിദ്ധ സൈനിക വിഭാഗമായ എസ്എസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1949ല്‍ ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി ജോര്‍ജ് ക്രോസ് നല്‍കി ആദരിച്ചു.