കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും.

എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോൾ മാർ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി.

ചേർത്തല സ്വദേശിയായ മാർ കരിയിൽ (69) സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോ‍ർ ജനറലായും പ്രവർത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എറണാകുളം– അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ നിയമിക്കാൻ ഈ വർഷം ആദ്യം ചേർന്ന സിനഡ് യോഗം തീരുമാനിച്ചിരുന്നു. അതു യാഥാർഥ്യമാക്കുകയാണ് ഇത്തവണത്തെ സിനഡ്. സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും.