മലയാളംയുകെ ന്യൂസ് ടീം
ലോകത്തിലെ തന്നെ പ്രമുഖ വിമാനകമ്പനികളിൽ ഒന്ന്… എമിറേറ്റ്സ് വിമാനകമ്പനിയുടെ ഏറ്റവും വലിയ എതിരാളി… കസ്റ്റമർ സർവീസിൽ മുൻപന്തിയിൽ എത്താൻ നിരന്തരം ശ്രമിക്കുന്ന എത്തിഹാദ്… സാമൂഹികമായും സാമ്പത്തികമായും മുൻനിരയിൽ നിൽക്കുന്നവരുടെ യാത്രോപാധിയിൽ പെടുന്ന വിമാനയാത്ര. വിമാനത്തിൽ വച്ച് ഒരു കുഞ്ഞു ജനിച്ചാൽ ആജീവനാന്തം ഫ്രീ വിമാന യാത്ര.. ഇത്തരത്തിൽ നോക്കിയാൽ എത്തിഹാദ് വിമാനത്തിൽ ജനിച്ച കുട്ടി ഭാഗ്യം ചെയ്തതാണ്. നിർഭാഗ്യവശാൽ കുട്ടിയെ അമ്മതന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു ഉപേക്ഷിച്ചപ്പോൾ ഇന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത.
അബുദാബിയിൽ നിന്ന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് ലോകത്തെ തന്നെ നടുക്കിയ സംഭവ വികാസങ്ങൾ ഉണ്ടായത്. സ്വന്തം കുഞ്ഞിനെ യാത്രക്കാരി തന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. നവജാത ശിശുവിന്റെ ശവശരീരം വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്നും ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മരണത്തിനു കാരണക്കാരിയെന്നു സംശയിക്കുന്ന യുവതിയായ അമ്മ ഹാനിയെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്‌തു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ ഇപ്പോൾ ഉണ്ടാവില്ല എന്ന് എയർപോർട്ട് പോലീസ് വ്യക്തമാക്കി.
ഗർഭിണിയായ ഹാനിക്ക് പ്രസവസംബന്ധമായ അസ്വസ്ഥകളും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് ജക്കാർത്തക്കു പറക്കുകയായിരുന്ന വിമാനം പൈലറ്റ് അടിയന്തിരമായി തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. അബുദാബിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച യാത്ര തിരിച്ച ഹാനി ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പ്രസവസംബന്ധമായ അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. ബാങ്കോക്കിൽ വൈദ്യസഹായം ലഭിച്ച ഹാനി പിന്നീട് അധികൃതർ നൽകിയ ബിസിനസ് ക്ലാസ്സിൽ ജക്കാർത്തക്ക് യാത്രചെയ്തു. എന്നാൽ ജക്കാർത്തയിൽ എത്തുന്നത് വരെ നവജാത ശിശുവിന്റെ ജഡം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാധാരണ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വിമാന കമ്പനി അധികൃതർ ധാരാളം ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമ്പോൾ ആണ് ഒരു ചോര കുഞ്ഞിന്, ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത്തരത്തിൽ ദാരുണമായ ഒരു അന്ത്യം ഉണ്ടായിരിക്കുന്നത് എന്നത് ലോക മസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
Leave a Reply