കോട്ടയം: ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷൻ ഡോ. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് പ്രാർത്ഥനയും ആശംസയുമായി കോട്ടയം സി.എം.എസ് കോളജ്. കലാലയത്തിലെ ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രഗത്ഭൻമാരാണ് സി.എം.എസ്സിന്റെ ക്ലാസ്സ്മുറികളിൽ നിന്നു പിറന്നത്. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, കെ.പി.എസ്.മേനോൻ, കാവാലം നാരായണപ്പണിക്കർ, ജോൺ എബ്രഹാം, വേണു ഐ.എസ്.സി, ഉണ്ണി.ആർ, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ പട്ടികയിൽ ഇനി മുതൽ ഡോ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.

തങ്ങളുടെ പൂർവ്വ വിദ്യാർത്ഥിക്ക് ഉചിതമായ സ്വീകരണം കലാലയത്തിൽ ഒരുക്കുമെന്നും ആത്മീയ വഴിയിൽ പതിനായിരങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും സഭാ മക്കളുടെ ആഹ്ളാദത്തിൽ കലാലയവും പങ്കു ചേരുന്നതായി പ്രിൻസിപ്പാൾ പ്രെഫ.ഡോ. വർഗ്ഗീസ് സി.ജോഷ്വ പറഞ്ഞു.