ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളിൽ സെർവിക്കൽ ക്യാൻസറിൻ്റെ മരണസാധ്യത 40 ശതമാനം കുറയ്ക്കാനുള്ള ചികിത്സാരീതികൾ വികസിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 25 വർഷത്തിനിടെ ഈ രോഗത്തിനെതിരെ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് പുതിയ ചികിത്സാരീതി വിലയിരുത്തപ്പെടുന്നത്. യുകെ, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് 10 വർഷത്തിലേറെയായി റിക്രൂട്ട് ചെയ്ത രോഗികളിലാണ് പുതിയ ചികിത്സാ പദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേർന്നുള്ള സെർവിക്കൽ ക്യാൻസറിനുള്ള സ്റ്റാൻഡേർഡ് ചികിൽസയായ കീമോറേഡിയേഷന് വിധേയമാകുന്നതിന് മുമ്പ് കീമോതെറാപ്പിയുടെ ഒരു ചെറിയ കോഴ്സ് ഇതിൽ ഉൾപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനം മുതൽ സെർവിക്കൽ ക്യാൻസർ ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് ഈ കണ്ടുപിടിത്തമെന്ന് UCL-ലെ ട്രയലിൻ്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററായ ഡോ.മേരി മക്കോർമക്ക് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ, യുസിഎൽ ക്യാൻസർ ട്രയൽസ് സെൻ്റർ എന്നിവയുടെ ധനസഹായത്തോടെയാണ് ഗവേഷണങ്ങൾ നടത്തിയത്. സെർവിക്കൽ ക്യാൻസറിനുള്ള കീമോറേഡിയേഷൻ ചികിത്സയുടെ തുടക്കത്തിലേക്ക് ഇൻഡക്ഷൻ കീമോതെറാപ്പി ചേർക്കുന്ന ലളിതമായ ചികിത്സാരീതി ശ്രദ്ധേയമായ ഫലങ്ങൾ നൽകിയെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ ഫൗൾക്‌സ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സംഭവിക്കുന്ന സെർവിക്കൽ ക്യാൻസർ ആഗോളതലത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന നാലാമത്തെ ഏറ്റവും സാധാരണമായ അർബുദമാണ്. യുകെയിൽ ഓരോ വർഷവും 3,200 കേസുകളും 800 മരണങ്ങളും ആണ് ഈ രോഗം മൂലം സംഭവിക്കുന്നത് . 30 വയസ്സ് പ്രായമുള്ളവരിൽ പോലും സെർവിക്കൽ ക്യാൻസർ വരാമെന്നാണ് റിപ്പോർട്ടുകൾ. 30 ശതമാനം സെർവിക്കൽ ക്യാൻസറും സുഖപ്പെടുത്തിയതിന് ശേഷം തിരിച്ചു വരുന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നു.