ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസിൽനിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിൻ ലഭിച്ച ബ്രിട്ടീഷുകാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണ്ടിവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നടപടി ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും വൻ തിരിച്ചടിയാണ് . ജൂലൈ 19 തിങ്കളാഴ്ച മുതൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിലപാട് സർക്കാർ അറിയിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ മുൻ നിലപാടിൽനിന്ന് സർക്കാർ മലക്കം മറിഞ്ഞിരിക്കുകയാണ് .

എന്നാൽ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം ഫ്രാൻസിൽ അതിവേഗം വ്യാപിക്കുന്നത് മൂലമാണ് മുൻനിലപാടിൽ നിന്ന് മാറാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ജൂലൈ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ യുകെയിൽ 244,691 കോവിഡ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ ഫ്രാൻസിൽ 27, 713 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് ആൾക്കാരുടെ വേനലവധിക്കാല പദ്ധതികളെ താറുമാറാക്കുന്ന തീരുമാനം ഇതിനോടകം പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് വൻ തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവർ പ്രതികരിച്ചു . ഫ്രാൻസിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുകെ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോൾ യുകെയുടെ പ്രതിദിന രോഗവ്യാപന നിരക്ക് 50000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 51870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. ഇതോടെ മഹാമാരി തുടങ്ങിയതിനു ശേഷം ജീവൻ പൊലിയുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 128,642 ആയി.