രാമപുരം: കേരള ചരിത്രത്തിലും സഭാ ചരിത്രത്തിലും പ്രധാന സ്ഥാനം കിട്ടിയ സ്ഥലമാണ് രാമപുരമെന്നും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനിലൂടെ അത് കൂടുതൽ പ്രസിദ്ധമായെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. രാമപുരത്തെ പുതിയ ദേവാലയത്തിന്റെ കൂദാശ കർമത്തിനിടയിൽ സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി. ദൈവാനുഗ്രഹത്താൽ സമ്പന്നമാണ് രാമപുരം. പുതിയ പള്ളി പണിയുന്നതിന് വികാരി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ സ്വീകരിച്ച ശൈലി മാതൃകാപരമാണ്. നിർബന്ധപൂർപം വീതപിരിവ് നടത്തിയില്ല. ദൈവജനം സന്തോഷപൂർവം നൽകിയ സംഭാവനകൾ കൊണ്ടാണ് ദേവാലയം നിർമിച്ചതെന്നും കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി വൈദിക ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചന്റെ പേരിൽ പ്രശസ്തമായ പള്ളി. സാമൂഹിക ശുശ്രൂഷാതലങ്ങളിൽ വിശുദ്ധിയുടെ പരിമളം പരത്തിയ തേവർപറന്പിൽ കുഞ്ഞച്ചന്റെ പുണ്യസ്മരണകൾ അയവിറക്കി എത്തിച്ചേർന്നത് ആയിരക്കണക്കിന് വിശ്വാസികൾ… പുതിയ പള്ളിയുടെ കൂദാശകർമ്മത്തിന്.. ആരാലും അറിയപ്പെടാതെ ജീവിതം പാവങ്ങൾക്കായി സമർപ്പിച്ച അദ്ദേഹം ദളിതരുടെ ഉന്നമനത്തിനും അവരുടെ സംരക്ഷണത്തിനുമായി അവർക്കൊപ്പം ചേർന്നു ലാളിത്യത്തിന്റെ ആൾരൂപമായി മാറി. പാവപ്പെട്ടവരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തു ചെയ്തത്. പുലർച്ചെ നാലിനു തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതചര്യ. രണ്ടു മണിക്കൂറോളം പരിശുദ്ധ സക്രാരിക്കു മുന്നിൽ ആരാധനയിലും ധ്യാനത്തിലും ചെലവഴിച്ചശേഷമായിരുന്നു വിശുദ്ധ കുർബാന അർപ്പണം.
1973 ഒക്ടോബർ 16ന് 82-ാം വയസിൽ ദിവംഗതനായ ഈ വന്ദ്യവൈദികനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകൾ ഇന്നും രാമപുരം പ്രദേശത്തെ മുതിർന്ന തലമുറയുടെ മനസിലുണ്ട്. പണിയിടങ്ങളിൽ നിന്നും സ്ത്രീ ജനങ്ങളെ വീടുകളിലേക്ക് പറഞ്ഞയക്കുന്ന കുഞ്ഞച്ചൻ… ഇടവപ്പാതിയിൽ തിമിർത്തു പെയ്യുന്ന മഴയത്തും പണിക്കാരുടെയും പാവപ്പെട്ടവന്റെയും ജീവിതങ്ങളെ സ്വന്തം ജീവിതത്തോട് ചേർത്ത് വച്ച വൈദീക ജീവിതം… അതെ ഇത് തന്നെയാണ് രാമപുരം എന്ന കൊച്ചു ടൗൺ ഇന്ന് ലോകത്തിന് മുന്നിൽ അറിയപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
അദ്ദേഹത്തിന്റെ സ്നേഹം തൊട്ടറിഞ്ഞ ഒട്ടേറെ കുടുംബങ്ങളും അവരുടെ തലമുറകളും രാമപുരത്തും കടനാട്ടിലും നീറന്താനത്തും കുണിഞ്ഞി പ്രദേശത്തും സമീപ ഇടവകകളിലുമുണ്ട്. രാമപുരം പള്ളി എന്നതിനേക്കാൾ കുഞ്ഞച്ചന്റെ പള്ളി എന്ന് പറയുന്ന ഒരു വിശ്വാസസമൂഹമാണ് രാമപുരത്തും പരിസരപ്രദേശത്തും ഉള്ളത്.
പള്ളി കൂദാശ കർമ്മം കൃത്യം 1.45 കുഞ്ഞച്ചന്റെ കബറിടത്തിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. രണ്ട് മണിയോടുകൂടി പുതിയ പള്ളിയുടെ ആനവാതിക്കൽ കെട്ടിയിരുന്ന നാട മുറിച്ചതോടെ ഔദ്യോഗികമായ കൂദാശകർമ്മത്തിലേക്ക് കടന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള പലരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി സി ജോർജ്ജ് എം ൽ എ എന്നിവരും സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടെ കർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
(ചിത്രങ്ങൾക്ക് കടപ്പാട് – വീനസ് സ്റ്റുഡിയോ രാമപുരം)
Leave a Reply