ലണ്ടൻ ∙ സീറോ മലബാർ സഭയ്ക്കും ഓർത്തഡോക്സ്, മാർത്തോമ്മാ സഭകൾക്കും പിന്നാലെ യാക്കോബായ സുറിയാനി സഭയ്ക്കും ബ്രിട്ടനിൽ സ്വന്തമായി ദേവാലയം. യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിനു കീഴിലെ ലണ്ടൻ സെന്റ് തോമസ് യാക്കോബായ ഇടവകയാണ് ലണ്ടനിലെ റോംഫോഡിനു സമീപം ഹോരോൾഡ് ഹില്ലിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്. ഇടവകാംഗങ്ങളുടെ ദീർഘനാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ ദേവാലയമെന്ന് വികാരി ഫാദർ അനീഷ് കവലയിൽ പറഞ്ഞു. സത്യ വിശ്വാസത്തിലുള്ള പ്രാർഥനയും പ്രവർത്തിയും ദൈവം അംഗീകരിച്ചതിന്റെ തെളിവാണ് ഈ അനുഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പും പ്രഥമ ബലിയും ഈമാസം14ന് രാവിലെ ഒൻപതിന് നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തീമോസിന്റെയും കൊച്ചി ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഗ്രിഗോറിസോയിന്റെയും കാർമികത്വത്തിലാണ് ദേവാലയത്തിലെ പ്രഥമ ദിവ്യബലി. എല്ലാ ഇടവകാംഗങ്ങളെയും വിശ്വാസ സമൂഹത്തെയും ഇടവക മാനേജിംങ് കമ്മിറ്റിയുടെ പേരിൽ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാദർ അനീഷ് കവലയിൽ, സെക്രട്ടറി സന്തോഷ് അലക്സാണ്ടർ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ അറിയിച്ചു.

പള്ളിയുടെ വിലാസം-
സെന്റ് തോമസ് ജെ.എസ്.ഒ. ചർച്ച്,
2-ടോൺടൺ റോഡ്,
റോംഫോർഡ്, RM3 7ST

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിൽ സീറോ മലബാർ സഭയും ഓർത്തഡോക്സ് സഭയും മാർതോമ്മാ സഭയും നേരത്തെ സ്വന്തമായി പള്ളികൾ വാങ്ങിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ പള്ളികൾ വാങ്ങാനുള്ള തയാറെടുപ്പിലുമാണ് ഇവർ. വിശ്വാസികളില്ലാതെ പള്ളികൾ പൂട്ടിപ്പോകുകയും പബ്ബുകൾക്കും മറ്റുമായി അവ വിൽക്കപ്പെടുകയും ചെയ്യുന്ന ബ്രിട്ടനിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ വെളിച്ചമാകുകയാണ് കേരളത്തിലെ സഭാ സമൂഹങ്ങൾ.