അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ലണ്ടന്‍ ബോറോ ഓഫ് ന്യുഹാമിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നാളെ (മാര്‍ച്ച് 11 ശനിയാഴ്ച) ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരം ആഘോഷിക്കും. ലണ്ടനില്‍ നടത്തപ്പെടുന്ന പത്താമത് പൊങ്കാല ആഘോഷമാണ് നാളെ നടക്കുക. ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും പ്രമുഖ പ്രവാസി സാഹിത്യകാരിയും ആയ ഡോ. ഓമന ഗംഗാധരനാണ് കഴിഞ്ഞ പത്തു വര്‍ഷമായി ആഘോഷത്തിന് നേതൃത്വം നല്‍കിപ്പോരുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) എന്ന വനിതാ മുന്നേറ്റം ആഘോഷത്തിന് ആതിഥേയത്വം വഹിക്കും.

‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്. 2017 ല്‍ യു കെ യുടെ നാനാ ഭാഗത്തു നിന്നുമായി ആയിരത്തിലധികം കണ്ണകി ദേവീ ഭക്തര്‍ പൊങ്കാലയിടുവാന്‍ ഒത്തു കൂടും എന്നാണ് ‘ബോണ്‍’ പ്രതീക്ഷിക്കുന്നത്.

PONKALA 2

ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം ദിവസമായ പൂരം നക്ഷത്ര നാളിലാണ് പൊങ്കാല പതിവായി ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിക്കുന്നതും. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുന്നതാണ്. വിശിഷ്ഠരായ ചില മഹദ്വ്യക്തികള്‍ ചടങ്ങുകളില്‍ പങ്കുചേരുന്നുണ്ട്.

ലണ്ടനിലെ പത്താമത് പൊങ്കാല ആഘോഷം പ്രമുഖ മലയാള ടിവി ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായും പൊങ്കലായിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഡോ. ഓമന അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07766822360

11 March 2017 Saturday from 9:00am.
Sri Murugan Temple,78 – 90 Church Road,Manor Park, East Ham,London E12 6AF