തോമസുകുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍

ലിവര്‍പൂള്‍: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളര്‍ത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവര്‍പൂള്‍. ആ ലിവര്‍പൂള്‍ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാലദേശ ഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയില്‍ ഇതാ ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു. അതെ, Liverpool Litherland ലുള്ള ‘OUR LADY QUEEN OF PEACE’ എന്ന ദേവാലയം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ സഭാ മക്കള്‍ക്ക് ഇനി സ്വന്തം.

ഒരു ബില്യന്‍ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കള്‍ക്ക് ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നല്‍കിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറില്‍ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങ്ങി നില്‍ക്കുന്നത്. അഞ്ഞൂറില്‍പരം വിശ്വാസികള്‍ക്ക് ഒന്നിച്ച് തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളാന്‍ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാര്‍പാര്‍ക്കിങ് സൗകര്യം. ദേവാലയത്തോടു ചേര്‍ന്നു തന്നെയാണ് വൈദികര്‍ക്കുള്ള താമസ സൗകര്യവും. കൂടാതെ അഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വലിയ ഹാള്‍, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേര്‍ന്നുണ്ട്.

നാളെ, മാര്‍ച്ച് 25 ഞായര്‍; ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓര്‍മ്മ പുതുക്കുന്ന ‘ഓശാനതിരുനാള്‍’ ആചരിക്കുകയാണ്. നാളെ നടത്തപ്പെടുന്ന ആഘോഷപൂര്‍ണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങളിലൂടെയാണ് ലിവര്‍പൂളിലെ സീറോ മലബാര്‍ സഭാമക്കള്‍ തങ്ങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുകര്‍മ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനം കൂടിയായ നാളെ തന്നെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. ‘ഇതൊരു ദൈവനിശ്ചയം തന്നെ’. നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ്. ക്രൈസ്തവികതയുടെ ക്യാപ്പിറ്റല്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണില്‍, തങ്ങള്‍ക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വര്‍ഗ്ഗീയ നിശ്ചയം തന്നെ എന്നുറപ്പിച്ചു പറയാന്‍ കഴിയും.

ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്. 2001 കാലഘട്ടത്തില്‍ ഒരു മലയാളി വൈദികന്‍ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയില്‍ തന്നെ ദിവ്യബലി അര്‍പ്പിച്ചിരുന്നൂ. പിന്നീട് 2002 ന്റെ തുടക്കത്തോടുകൂടി ലിവര്‍പൂളിലെ ഫസാക്കേര്‍ലി ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങള്‍ രൂപം കൊടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മയിലൂടെയാണ് ലിവര്‍പൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂണ്‍ മാസം 27 ഞായര്‍, ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ട ‘ദുക്‌റാന’തിരുനാള്‍ തിരുക്കര്‍മങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളര്‍ച്ചയുടെ, അതിനായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കര്‍മ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണര്‍വ്വിലൂടെ, അതു പകര്‍ന്നു നല്‍കാനെത്തിയ അജപാലകരിലൂടെ ലിവര്‍പൂള്‍ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരില്‍ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാന്‍ കഴിഞ്ഞിരിക്കുന്നു.

ഇന്ന് പൊതുവെ ലിവര്‍പൂള്‍ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense, Warrington, Wigan & South Port എന്നീ വലുതും ചെറുതുമായ സീറോ മലബാര്‍ സഭാ മക്കളുടെ കൂട്ടായ്മയാണ് ഇന്ന് ഒരു ഇടയന്റെ കീഴില്‍ ഒരു വലിയ ആരാധനാലയത്തില്‍ ബലിയര്‍പ്പണത്തിനായി ഒത്തു ചേരുന്നത്. ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിന് സ്വന്തമാക്കാന്‍ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലാഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചന്‍ തന്നെയാണ്. ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mahonന്റെയും ഇവിടുത്തെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം.

1965ല്‍ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങ്ങലേല്‍ക്കാതെ പ്രശോഭിതയായി നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാവില്ല. ഈ ദേവാലയത്തിലെ തിരുക്കര്‍മങ്ങളുടെ ക്രമീകരണങ്ങള്‍ക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമില്‍സ് മാത്യു, പോള്‍ മംഗലശേരി, ജോ ജോസഫ്, ജോര്‍ജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊര്‍ജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിയംഗങ്ങളും അക്ഷീണം യത്‌നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ ഉപകരണങ്ങളായിത്തീര്‍ന്ന മുന്‍കാല ഭരണസമിതിയംഗങ്ങളും ഉണര്‍വ്വേകി നിലകൊള്ളുന്നൂ.

ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യാനുഷ്ഠാങ്ങളുമൊക്കെ ഇളം തലമുറയ്ക്ക് പകര്‍ന്നു കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാര്‍ സഭാമക്കള്‍. നാളെ ഞായര്‍ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തിനിര്‍ഭരമായ ജപമാല സമര്‍പ്പിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.

വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍.

*പെസഹാ വ്യാഴം
O4.30 pm ആരാധന, 05.30 PM വിശുദ്ധ കുര്‍ബ്ബാന
( കുട്ടികളുടെ കാലു കഴുകല്‍, അപ്പം മുറിക്കല്‍) വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു. രാത്രി മുഴുവന്‍ ആരാധന.

*ദു:ഖവെള്ളി
രാവിലെ 09.30 ന് തിരുകര്‍മ്മങ്ങള്‍, ആഘോഷമായ കുരിശിന്റെ വഴി..

*ദു:ഖശനി – രാവിലെ 09.30 ന് വി.കുര്‍ബ്ബാന
(തിരിയും വെള്ളവും വെഞ്ചിരിക്കല്‍)

* ഈസ്റ്റര്‍ കുര്‍ബ്ബാന
ശനിയാഴ്ച രാത്രി 8.00 മണിക്ക്

പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്

OUR LADY QUEEN OF PEACE CHURCH, LITHERLAND
74 KIRKSTONE R0AD WEST, LITHERLAND
L21 0EQ