മൂന്നാർ∙ ചിന്നക്കനാൽ വില്ലേജിൽ സൂര്യനെല്ലിക്കു സമീപം പാപ്പാത്തിച്ചോലയിൽ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇൻ ജീസസ് സംഘടന അറിയിച്ചു.
സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതർ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടൺ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമാണു സ്പിരിറ്റ് ഇൻ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയിൽ നിന്നടക്കം വലിയ വിമർശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്. എന്നാല്‍ ക്രൈസ്തവ സഭാധികാരികള്‍ ഈ വിഷയത്തെ നിയമപരമായ കാര്യമായി കാണുകയാണ് ഉണ്ടായത്. ചില സഭാധികാരികള്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.
കലക്ടർ ചിന്നക്കനാൽ വില്ലേജിൽ ബുധനാഴ്ച അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലർച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങൾ തടയാൻ വഴിയിൽ വാൻ നിർത്തിയിട്ടും കുഴികൾ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
Also read
Leave a Reply