ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് വാക്സിനുകളായ ഫൈസറിനും , മോഡേണയ്ക്കും അപൂർവ്വമായ പുതിയ പാർശ്വഫലങ്ങൾ ഉള്ളതായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹൃദയത്തിന്റെ മാംസപേശികളിലുണ്ടാകുന്ന വീക്കം അഥവാ മയോകാർഡൈറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള സഞ്ചിയിലെ ടിഷ്യുവിനുണ്ടാകുന്ന വീക്കം അഥവാ പെരികാർഡൈറ്റിസ് എന്നിവയാണ് പുതുതായി അംഗീകരിച്ചിരിക്കുന്ന പാർശ്വഫലങ്ങൾ. യു കെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ടസ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ ) ആണ് പുതുതായി പുറത്തിറക്കിയ വാക്സിനുകളുടെ സേഫ്റ്റി ഇൻഫർമേഷനിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇത്തരം അവസ്ഥകൾ വരുന്നത് തികച്ചും അപൂർവമാണെന്നും, അതോടൊപ്പം തന്നെ ചെറിയതോതിൽ മാത്രമേ ഉണ്ടാകൂ എന്നുമാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ എടുത്ത ശേഷം നെഞ്ചുവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അമിതമായ ഹൃദയമിടുപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻതന്നെ ചികിത്സ തേടണമെന്ന കർശന നിർദ്ദേശമാണ് എം എച്ച് ആർ എ നൽകിയിരിക്കുന്നത്. കൂടുതലും സെക്കൻഡ് ഡോസ് എടുത്ത ചെറുപ്പക്കാരായ യുവാക്കളിലാണ് ഇത് ഉണ്ടാക്കുന്നത് എന്നാണ് നിലവിലുള്ള പഠനങ്ങൾ തെളിയിക്കുന്നത്.
യുകെയിൽ മാത്രം ഏകദേശം നൂറോളം മയോകാർഡൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ പഠനങ്ങൾ നടന്നത്. ഇത്തരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വാക്സിനുകൾ ചെറിയതോതിലെങ്കിലും കാരണമാകുന്നുണ്ടെന്ന് എം എച്ച് ആർ എ ചീഫ് എക്സിക്യൂട്ടീവ് ഡോക്ടർ ജൂൺ റൈനെ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പ്രസ്താവിച്ചിരുന്നു. എന്നാൽ വാക്സിനുകളുടെ പ്രയോജനങ്ങൾ അതിന്റെ പാർശ്വഫലങ്ങളെക്കാൾ അനവധി ആണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഫൈസറും, മോഡേണയും നൽകിയ യു എസ് മിലിറ്ററിയിലെ 23 പേർക്ക് ഇത്തരത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പാർശ്വഫലങ്ങൾ ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് എല്ലാവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
Leave a Reply