ലണ്ടൻ∙ ബ്രിട്ടീഷ് കറൻസിയായ പൗണ്ടിന്റെ ഏറ്റവും മൂല്യം കൂടിയ നോട്ടായ 50 പൗണ്ട് നോട്ടുകൾ റദ്ദാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നോട്ടുകൾ നിലനിർത്തി ഇവയും പോളിമർ രൂപത്തിലേക്ക് മാറ്റാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം. ഇതോടെ പൗണ്ടിന്റെ അഞ്ച്, പത്ത്, ഇരുപത് നോട്ടുകൾക്കൊപ്പം 50 പൗണ്ടും ഭാവിയിൽ പോളിമർ നോട്ടുകളായി മാറും.

അമ്പതു പൗണ്ട് നോട്ടുകൾ കൂടുതലായും ഉപയോഗിക്കുന്നത് ക്രിമിനലുകളാണെന്നും കുഴൽപ്പണം ഇടപാടുകൾക്കും നികുതിവെട്ടിപ്പിനും മറ്റും  വ്യാപകമായി ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഇവ റദ്ദുചെയ്യുന്നതിനെക്കുറിച്ച് ബാങ്ക് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാൽ നോട്ടു നിലനിർത്തി പോളിമർ രൂപത്തിലേക്ക് മാറ്റി കൂടുതൽ സുരക്ഷിതമാക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ അധികൃതർ.

രാജ്യത്താകെ 16.5 ബില്യൺ പൗണ്ട് മൂല്യം വരുന്ന 330 മില്യൺ 50 പൗണ്ട് നോട്ടുകളാണ് വിനിമയത്തിലുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ രാജ്യത്തെ മുഴുവൻ അഞ്ചു പൗണ്ട് നോട്ടുകളും പത്തുപൗണ്ട് നോട്ടുകളും പോളിമർ നോട്ടുകളാക്കി മാറ്റിയിരുന്നു. 2020 ൽ നിലവിലെ ഇരുപതു പൗണ്ട് നോട്ടുകളും പിൻവലിച്ച് പോളിമർ രൂപത്തിലാക്കും. അതിനു ശേഷമാകും പുതിയ അമ്പത് പൗണ്ട് നോട്ടുകൾ വിപണിയിലിറക്കുക. പുതിയ നോട്ടിൽ  രാജ്ഞിക്കൊപ്പം ആരുടെ ചിത്രമാണ് പ്രിന്റ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇനി ചർച്ചചെയ്തും ജനഹിതമറിഞ്ഞും തീരുമാനിക്കേണ്ടതുണ്ട്.

സ്റ്റീം എൻജിൻ കണ്ടുപിടിച്ച ജയിംസ് വാട്ടിന്റെയും മാത്യു ബോൾട്ടന്റെയും ചിത്രങ്ങളാണ് നിലവിലെ അമ്പതുപൗണ്ട് നോട്ടിലുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിയമിക്കുന്ന കമ്മിറ്റി പബ്ലിക് നോമിനേഷനിലൂടെയാകും ആരുടെ ചിത്രമാണ് ആലേഖനം ചെയ്യേണ്ടത് എന്നു തീരുമാനിക്കുക. 30000 പേർ നോമിനേറ്റു ചെയ്ത 590 പ്രമുഖ ചിത്രകാരന്മാരിൽനിന്നും ജെ.എം.ഡബ്ല്യു ടർണറെയാണ്  ഇരുപതു പൗണ്ടിനായി കമ്മിറ്റി കണ്ടെത്തിയത്.

പുതിയ അഞ്ചു പൗണ്ടിൽ വിൻസ്റ്റൺ ചർച്ചിലും പത്തു പൗണ്ടിൽ ജെയ്ൻ ഓസ്റ്റിനുമാണ് എലിസബത്ത് രാജ്ഞിക്കൊപ്പം സ്ഥാനം പിടിച്ചത്.