റോഡിലെ കുഴിയില്‍ വാഹനം ചാടിയാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ? ഒരു ചെറിയ കുഴിയില്‍ ചാടിയതിന് നഷ്ടപരിഹാരമോ എന്ന് പരിഹസിക്കാന്‍ വരട്ടെ, അതിനും വകുപ്പുണ്ടെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് പറയുന്നത്. വെള്ളം കെട്ടിക്കിടന്ന് ടാര്‍ ചെയ്തയിടങ്ങളില്‍ വിടവുകളുണ്ടാകയും പിന്നീട് അവ വലുതായി കുഴികളായി മാറുകയുമാണ് ചെയ്യുന്നത്. ചില കൗണ്‍സിലുകള്‍ നല്‍കുന്ന വിശദീകരണമനുസരിച്ച് ഒരു പോട്ട്‌ഹോള്‍ എന്നത് കുറഞ്ഞത് 40 മില്ലീമീറ്റര്‍ ആഴമുള്ളതായിരിക്കണം. എന്നാല്‍ ഈ ആഴമില്ലെങ്കില്‍ പോലും കുഴിയില്‍ ചാടിയുണ്ടാകുന്ന ഡാമേജുകള്‍ക്ക് നമുക്ക് ക്ലെയിം ചെയ്യാനാകും.

ഇളകിമാറിക്കിടക്കുന്ന ഒരു പേവ്‌മെന്റ് ടൈലില്‍ ഇടിച്ചാണ് കാറിന് കേടുപാടുണ്ടായതെങ്കിലും അതിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. അതിനായി ചില നടപടികളുണ്ട്. റോഡിന്റെ തകരാറ് അധികൃതര്‍ എങ്ങനെ തരംതിരിക്കുന്നു എന്നതും നഷ്ടപരിഹാരം ക്ലെയിം ചെയ്യുമ്പോള്‍ പരിഗണിക്കുന്നതാണ്. കാറിന്റെ ടയര്‍, വീലുകള്‍, ആക്‌സില്‍ മുതലായവയ്ക്കാണ് മിക്കവാറും ഇത്തരം അപകടങ്ങളില്‍ തകരാറുകള്‍ ഉണ്ടാകുന്നത്. അത്തരം സംഭവങ്ങളില്‍ കുഴിയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കേണ്ടി വരും.

കാറിന്റെ തരാറുകള്‍ പരിഹരിച്ച മെക്കാനിക്കിന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനാകും. വാഹനത്തിനുണ്ടായിരുന്ന തകരാര്‍ പോട്ട്‌ഹോള്‍ മൂലം കൂടുതല്‍ ഗുരുതരമായെങ്കിലും അതിന്റെ റിപ്പയര്‍ ചെലവ് നഷ്ടപരിഹാരമായി ലഭിക്കും. വിവിധ ഏജന്‍സികളാണ് റോഡുകളുടെ പരിപാലനച്ചുമതലയുള്ളത്. നഷ്ടപരിഹാരത്തിനായി ഇവരെയാണ് സമീപിക്കേണ്ടത്. ലോക്കല്‍ കൗണ്‍സില്‍ റോഡ് നന്നാക്കാത്തതിനാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ 300 മുതല്‍ 500 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാമെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്.

ആദ്യമായി നങ്ങളുടെ ക്ലെയിമിന് ഒരു കണ്‍ഫര്‍മേഷന്‍ ലഭിക്കണം. കൗണ്‍സിലിന്റെ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിലേക്ക് നിങ്ങളുടെ അപേക്ഷ നീങ്ങിയേക്കാം. അപ്രകാരം സംഭവിച്ചാല്‍ ഒരു മാസം വരെ തീരുമാനമെടുക്കാന്‍ സമയം വേണ്ടിവന്നേക്കും. അതിനിടയില്‍ മൂന്ന് കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

1 നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

2. ക്ലെയിം ചെയ്തതിന്റെ പകുതി തുക നിങ്ങള്‍ക്ക് ലഭിക്കും. അപ്രകാരമാണെങ്കില്‍ അത് വാങ്ങുകയായിരിക്കും നല്ലതെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്. കോടതിയെ സമീപിക്കുന്നത് കൂടുതല്‍ നഷ്ടമുണ്ടാക്കും

3. നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം