ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ പൊതു തിരഞ്ഞെടുപ്പിൽ ആരാണ് വിജയിക്കുന്നത് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. രാത്രി 10 മണിക്ക് തിരഞ്ഞെടുപ്പ് അവസാനിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ ആരംഭിച്ചു. ബിബിസി, ഐടിവി, സ്കൈ എന്നിവയുടെ എക്‌സിറ്റ് പോൾ പ്രകാരം ലേബർ 170 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കും. എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ 410 ലേബർ എംപിമാരുമായി സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
യുകെയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മലയാളികളുടെ പുതുതലമുറ വളരെ ആവേശത്തോടെയാണ് യുകെയിലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വന്നത്. മിക്ക മലയാളി യുവതി യുവാക്കളും ആദ്യമായാണ് പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് അവർ പ്രതികരിച്ചത്.
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലി സ്വദേശിയായ മലയാളി പെൺകുട്ടി ആര്യ ഷിബു വളരെ ആവേശത്തോടെയാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എൻറെ വോട്ട് ഈ രാജ്യത്തെ മാറ്റിമറിക്കും എന്നാണ് ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ അനുഭവത്തെ കുറിച്ച് ആര്യ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്.
ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദങ്ങളും ചർച്ചകളും കലാശക്കൊട്ടുകളും പോളിംഗ് ദിനത്തിലെ ദൃശ്യങ്ങളും മുതിർന്നവരോടൊപ്പം ടിവിയിൽ കണ്ടതിന്റെ ഓർമ്മകളുമായാണ് പുതുതലമുറ പോളിംഗ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ യുകെയിൽ ഉടനീളമുള്ള ദൃശ്യങ്ങളും നടപടിക്രമങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ബഹളവും തിക്കും തിരക്കും ഇല്ലാതെ സാധാരണ ദിവസത്തെ പോലെ തന്നെ പോളിംഗ് ദിനവും കടന്നു പോയി . ചുറ്റും കൊടി തോരണങ്ങളും പാർട്ടി പ്രവർത്തകരും ഒന്നുമില്ലാത്ത പോളിംഗ് സ്റ്റേഷൻ പലർക്കും അത്ഭുതമായിരുന്നു . വോട്ടെടുപ്പിനോടനുബന്ധിച്ച് പൊതു അവധി ഇല്ലായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സാധാരണ പോലെ ആളുകൾ തങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യുന്നതിനൊപ്പം ഏതെങ്കിലും സമയത്ത് വോട്ട് രേഖപ്പെടുത്താൻ സമയം കണ്ടെത്തുന്നു. വിദ്യാർഥികളിൽ പലരും തങ്ങളുടെ ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുത്തിട്ടാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
പുതിയ സർക്കാരിന്റെ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്നത് ഒട്ടുമിക്ക മലയാളി കുടുംബങ്ങളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യകാലങ്ങളിൽ ഭൂരിപക്ഷം മലയാളികളും എൻഎച്ച്എസിൻ്റെ കീഴിൽ ആണ് ജോലി ചെയ്തിരുന്നത് . എന്നാൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്. സ്റ്റുഡൻറ് വിസയിലും കെയർ വിസയിലും ഇവിടെ എത്തിയിരിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പുതിയ സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകും എന്നത് 100 ശതമാനം ഉറപ്പാണ്.
ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും പുതിയ സർക്കാർ നടിപ്പിലാക്കിയേക്കും . യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.
കെയർ വിസയിൽ എത്തിയവരും പുതിയ സർക്കാർ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ വളരെ ആശങ്കയിലാണ് . യുകെയിൽ എത്താൻ വേണ്ടിയുള്ള പാലമായാണ് പലരും ലക്ഷങ്ങൾ മുടക്കി കെയർ വിസ സംഘടിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസ അനുവദിക്കുന്ന നയം സർക്കാർ പിൻവലിച്ചത്. കുടിയേറ്റം കൂടിയതാണ് ഋഷി സുനക് സർക്കാരിന് ജനപ്രീതി ഇടിയാൻ ഒരു പ്രധാന കാരണമായത് .
Leave a Reply