ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2030 മുതൽ എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റ് (ഇപിസി) റേറ്റിംഗ് നിലവിലെ ഇ നിലവാരത്തിൽ നിന്നും ഉയർന്ന സി റേറ്റിംഗ് നേടിയില്ലെങ്കിൽ, സ്വകാര്യ വീട്ടുടമസ്ഥർക്ക് വീടുകൾ വാടകയ്ക്ക് നൽകാൻ കഴിയില്ല എന്നുള്ള കർശന നിയമം നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ലേബർ സർക്കാർ. യു കെയിൽ നിലവിലുള്ള “ബൈ റ്റു ലെറ്റ് ” സ്കീം പ്രകാരം നിരവധി മലയാളികളും ഈ രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകളും വാടക വരുമാനം കുറയുന്നതും ഇത്തരത്തിൽ വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ഉയർന്ന ഇ പി സി റേറ്റിങ് വീട്ടുടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എ മുതല്‍ ജി വരെയുള്ള ഗ്രേഡിംഗ് ആണ് വീടുകളുടെ ഇന്ധന ഉപയോഗ ക്ഷമതയുടെ അളവുകോലായി ഉപയോഗിക്കുന്നത്. ഇതില്‍ എ മുതല്‍ സി വരെയുള്ള ബാന്‍ഡ് ആണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇനി സി റേറ്റിംഗ് വേണമെന്ന സർക്കാർ തീരുമാനം, ഏറ്റവും കുറഞ്ഞത് 25 ലക്ഷം വീടുകളെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ പദ്ധതിയിലൂടെ വാടകക്കാർക്ക് 240 പൗണ്ട് വരെ പ്രതിവർഷം ലാഭം ഉണ്ടാകുമെന്നാണ് സർക്കാർ വാദം. എന്നാൽ ഇത് വീട്ടുടമകൾക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം ഏറെയാണ്. ഇത്തരം റേറ്റിങ്ങുകൾ കുറവുള്ള വീടുകളുടെ ഉടമകൾക്ക് ഇനി ഏറെ പണം ചിലവാക്കിയാൽ മാത്രമേ കാര്യക്ഷമത കൂടുതലാക്കാൻ സാധിക്കുകയുള്ളൂ.
ഒരു വീട്ടുടമസ്ഥന് അവരുടെ വാടക പ്രോപ്പർട്ടികൾ നവീകരിക്കുന്നതിന് ശരാശരി £6,100 നും £6,800 നും ഇടയിൽ ചിലവാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇതിൽ കൂടുതൽ തുക ഓരോരുത്തർക്കും ചിലവാകും എന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ വീട്ടുടമസ്ഥർക്ക് ഇപിസി സി റേറ്റിംഗ് നിർബന്ധമാക്കുന്നത് കൂടുതൽ പേർ മേഖലയിൽ നിന്ന് പുറത്തുപോകാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഇത് നിലവിലെ വാടക പ്രതിസന്ധി കൂടുതൽ വഷളാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ നിക്ഷേപം നടത്തിയിരിക്കുന്ന മലയാളികളെയും ഇത് വൻതോതിൽ ബാധിക്കും.
Leave a Reply