സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് ശരിയായ തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറി. പുതിയ നിയമ മാറ്റത്തെ തുടർന്ന് സ്പെയിനിൽ പെട്ടുപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും. അവധിക്കാല യാത്രികരെ വലച്ച് പുതിയ നിയമം. ഇനിയെന്ത്?

സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് ശരിയായ തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറി. പുതിയ നിയമ മാറ്റത്തെ തുടർന്ന് സ്പെയിനിൽ പെട്ടുപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും. അവധിക്കാല യാത്രികരെ വലച്ച് പുതിയ നിയമം. ഇനിയെന്ത്?
July 26 15:35 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : സ്പെയിനിൽ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. വളരെ വേഗം സർക്കാർ കൈകൊണ്ട ഈ തീരുമാനം യാത്രികർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. യാത്രക്കാർക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തനിക്ക് അറിയാമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ക്ഷമ പറച്ചിൽ ആവശ്യമില്ലെന്നും റാബ് അറിയിച്ചു. സ്പെയിനിൽ രോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ യാത്രാ നിയമം ഇന്നലെ സർക്കാർ പ്രഖ്യാപിച്ചത്. തങ്ങൾ കഴിയുന്നത്ര വേഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് റാബ് വ്യക്തമാക്കി. എന്നാൽ യുകെയിലേയ്ക്ക് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് തിരിച്ചടിയായെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അറിയിച്ചു. ടൂറിസം മേഖലയെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അവർ പ്രതികരിച്ചു.

സർക്കാർ കൈകൊണ്ട ഈ തീരുമാനം പല യാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ സ്പെയിനിൽ ഉള്ളവർ അവധിക്കാലം അവിടെത്തന്നെ തുടരാൻ ശ്രമിക്കുക. പ്രാദേശിക നിയമങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ വിദേശകാര്യ ഓഫീസിന്റെ (എഫ്സിഓ) യാത്ര ഉപദേശങ്ങൾ പതിവായി പരിശോധിക്കുകയും ചെയ്യുക. മിക്ക ഹോളിഡേ ഓപ്പറേറ്റർമാരും സ്പെയ്നിലേയ്ക്കുള്ള പ്രധാന യാത്രകൾ റദാക്കിയിരിക്കുന്നതിനാൽ യാത്ര ബുക്ക്‌ ചെയ്തിട്ടുള്ളവർ ട്രാവൽ പ്രൊവൈഡറുമായി ബന്ധപ്പെടുക. സ്പെയിനിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ എഫ്സിഓ ഉപദേശിക്കുന്നുണ്ട്. അതിൽ കാനറി ദ്വീപുകളും ബലേറിക് ദ്വീപുകളും ഉൾപ്പെടുന്നില്ല. എന്നാൽ ഇവിടുന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.

ഇപ്പോൾ സ്പെയിനിൽ ഉള്ളവരുടെ യാത്ര ഇൻഷുറൻസ് അവർ മടങ്ങിയെത്തുന്നതുവരെ നിലനിൽക്കുമെന്ന് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ എഫ്‌സി‌ഒ ഉപദേശത്തിന് വിരുദ്ധമായി ഇപ്പോൾ യാത്ര ചെയ്യുന്നവരുടെ ഇൻഷുറൻസ് അസാധുവാകും. പുതിയ നിയമത്തിൽ കുടുങ്ങിപോയവരിൽ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സും ഉൾപ്പെടുന്നുണ്ട്. നിയമ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഗ്രാന്റ് ഷാപ്പ്സ് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് പോയത്. ആസൂത്രണം ചെയ്തതുപോലെ ഷാപ്പ്സ് അവധിക്കാലം തുടരുമെന്ന് ഡിഎഫ്ടി വക്താവ് പറഞ്ഞു. പുതിയ നിയമങ്ങൾക്കനുസൃതമായി മടങ്ങിവരുമ്പോൾ അദ്ദേഹം ഐസൊലേഷനിൽ കഴിയും. പ്രധാന നഗരങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആസന്നമാണെന്ന് സ്പാനിഷ് അധികൃതർ മുന്നറിയിപ്പ് നൽകി. സ്പെയിനിൽ ഇതുവരെ 28,000 കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കറ്റലോണിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles