ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്ത വർഷം മുതൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളിലും കെട്ടിടങ്ങളിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഓരോ വർഷവും രാജ്യത്തുടനീളം 145,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പുതിയതായി നിർമിക്കുന്ന സൂപ്പർമാർക്കറ്റുകൾ, നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഇലക്ട്രിക് കാറുകളിലേക്ക് പൂർണ്ണമായി മാറാൻ യുകെ ലക്ഷ്യമിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ രാജ്യം തയ്യാറാണെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിൽ.

ഇന്നലെ നടന്ന കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ കോൺഫറൻസിലാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ നിലവിൽ 25,000 ചാർജിംഗ് പോയിന്റുകൾ ഉണ്ട്. എന്നാൽ 2030-ന് മുൻപായി ഇതിന്റെ പത്തു മടങ്ങ് ചാർജിംഗ് പോയിന്റുകൾ ആവശ്യമായി വരുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി പറഞ്ഞു. ജാഗ്വാർ, വോൾവോ തുടങ്ങിയ നിരവധി പ്രമുഖ കാർ നിർമ്മാതാക്കൾ 2025 മുതൽ 2030 വരെ ഇലക്‌ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നു. യൂറോപ്പിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും 2030-ഓടെ ഇലക്ട്രിക് ആകുമെന്ന് ഫോർഡ് പറഞ്ഞു.

യുകെയിലെ ഇലക്ട്രിക് കാർ വിൽപ്പന വളരുന്നത് ശുഭസൂചനയാണ്. 2020-ൽ വിറ്റ കാറുകളിൽ ഏകദേശം 10% ഇലക്‌ട്രിക് ആയിരുന്നു. 2018 ൽ ഇത് 2.5% ആയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിന് അമിത വില ഈടാക്കരുതെന്ന് ട്രാൻസ്‌പോർട്ട് സെലക്ട് കമ്മിറ്റിയിലെ എംപിമാർ പറഞ്ഞു. ചാർജിംഗ് പോയിന്റുകളെക്കുറിച്ചുള്ള പ്രഖ്യാപനത്തിനൊപ്പം, ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള വിൻഡ്‌ഫാമിൽ ഒരു പുതിയ ഹൈഡ്രജൻ പദ്ധതിയ്ക്ക് 10 മില്യൺ പൗണ്ട് ധനസഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഗ്ലാസ്ഗോ ഉച്ചകോടിക്ക് പിന്നാലെ ഉണ്ടായ ഈ പ്രഖ്യാപനങ്ങൾ മറ്റു പല ലോകരാജ്യങ്ങൾക്കും ഒരു മാതൃകയാണ്.