തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കും. കെ.പി.സി സി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡ് നാമനിര്‍ദേശം ചെയ്തു. കെ സുധാകരൻ, എം ഐ ഷാനവാസ്, കൊടിക്കുന്നേൽ സുരേഷ് എന്നിവര്‍ വർക്കിംഗ് പ്രസിഡൻറുമാരാകും. കെ മുരളീധരനാണ് പ്രചരണ കമ്മിറ്റി ചെയർമാന്‍. ബെന്നി ബെഹനാന്‍ യുഡിഎഫ് കൺവീനർ.

കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ്‌ മുല്ലപ്പള്ളിക്ക് തുണയായത്. കോണ്‍ഗ്രസില്‍ ആദര്‍ശത്തിലും നിലപാടുകളിലും മായം ചേര്‍ക്കാത്ത ചുരുക്കം ചില രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ആദ്യത്തെ പേര്‌ മുല്ലപ്പള്ളിയുടേതാണെന്നതും പരിഗണിക്കപ്പെട്ടു.

1946 ഏപ്രില്‍ 15ന്‌ കോഴിക്കോട്‌ ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ്‌ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ്‌ പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍. ഏക മകൾ പാർവ്വതി. കെ.എസ്‌.യുവിലൂടെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. കെ.എസ്‌.യുകോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത്‌ കോണ്‍ഗ്രസ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച്‌ നിന്നു. 1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട്‌ കെ.പി.സി.സിജനറല്‍ സെക്രട്ടറിയായി നിയമിച്ചത്‌. 1988ല്‍ എ.ഐ.സി.സി ജോയന്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ്‌ നടപടികള്‍ നിയന്ത്രിച്ചത്‌ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്‌സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ്‌ തവണയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. വിവിധ പാര്‍ലമെന്റ്‌ സമിതികളിലും ബോര്‍ഡുകളിലും മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോഴിക്കോട്‌ ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. തായാട്ട്‌ ശങ്കരന്റെയും പി.പി. ഉമ്മര്‍ കോയയുടേയും നേതൃത്വത്തില്‍ കോഴിക്കോട്‌ നിന്നും പുറത്തിറങ്ങിയ വിപ്ലവം ദിനപത്രത്തില്‍ ചീഫ്‌ സബ്ബ്‌ എഡിറ്ററായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.