തിരുവനന്തപുരം ∙ ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് ഇന്നുമുതൽ നിരോധിച്ചു തൊഴിൽവകുപ്പ് ഉത്തരവിറക്കി. ചില മേഖലകളിൽ തൊഴിലാളികളെ വിതരണം ചെയ്യുന്നതിനുള്ള അവകാശം തൊഴിലാളി സംഘടനകൾ ഏറ്റെടുക്കുന്നതു തടയുമെന്നും ഉത്തരവിൽ പറയുന്നു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നു തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിൽ വ്യക്തമാക്കി.

നോക്കുകൂലി തടയുന്നതിനും പരാതികൾ കൈകാര്യം ചെയ്യുന്നതിനും ജില്ലകളിൽ കലക്ടർ ചെയർമാനും ജില്ലാ ലേബർ ഓഫിസർ കൺവീനറുമായി പ്രത്യേക സമിതികൾ പ്രവർത്തനം തുടങ്ങി. ഉത്തരവു നടപ്പാക്കുന്നതു ചർച്ചചെയ്യാൻ മിക്ക ജില്ലകളിലും യോഗം ചേർന്നു; തൊഴിലാളി യൂണിയനുകൾ പിന്തുണ ഉറപ്പുനൽകി. ഉത്തരവിനെക്കുറിച്ചു ചുമട്ടുതെ‍ാഴിലാളികളെ ബേ‍ാധവൽക്കരിക്കുന്നതിനും നടപടി തുടങ്ങി.

നോക്കുകൂലി നിരീക്ഷണത്തിനും പരാതികൾ പരിഹരിക്കാനും ലേബർ കമ്മിഷണറേറ്റിൽ പ്രത്യേക സെൽ തുടങ്ങി. 155214, 1800 4255214 എന്നീ ടോൾ ഫ്രീ നമ്പരുകൾ വഴി പരാതി റജിസ്റ്റർ ചെയ്യാം. മിനിറ്റുകൾക്കുള്ളിൽ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറും. ചിലയിടങ്ങളിൽ ജില്ലാതല ഹെൽപ്‌ ലൈനുകളും പരിഗണിക്കുന്നുണ്ട്.

നോക്കുകൂലി ഉൾപ്പെടെ ചുമട്ടുതൊഴിൽ മേഖലയിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കാൻ 10 നിർദേശങ്ങളടങ്ങിയ ഉത്തരവാണു തൊഴിൽവകുപ്പു പുറത്തിറക്കിയത്. ഇതിലെ മറ്റു നിർദേശങ്ങൾ.

∙ കയറ്റിറക്കിന് അതതു ജില്ലയിൽ ജില്ലാ ലേബർ ഓഫിസർമാർ പുറത്തിറക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലാവണം കൂലി നൽകേണ്ടത്. പട്ടികയിൽപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി കരാർ പ്രകാരം കൂലി.

∙ ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിൽപ്പെടാത്ത ഗാർഹിക ആവശ്യങ്ങൾക്കും കാർഷികോൽപന്നങ്ങളുടെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാം. അംഗീകൃത തൊഴിലാളികളെ നിയോഗിച്ചാൽ അതതു മേഖലയിലെ കൂലി നൽകണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

∙ ജില്ലാതല കൂലി നിരക്കിന്റെ പട്ടിക മാധ്യമങ്ങൾ വഴി ജില്ലാ ലേബർ ഓഫിസർമാർ പ്രസിദ്ധപ്പെടുത്തണം.

∙ ജോലിക്കിടെ തൊഴിലാളികൾ തൊഴിൽവകുപ്പ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എന്നിവ നൽകുന്ന തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കണം ∙ കയറ്റിറക്കിനു വാങ്ങുന്ന കൂലിക്കു കൺവീനർ / പൂൾ ലീഡർ ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്കു നൽകണം.

∙ അമിത കൂലി കൈപ്പറ്റിയതു ശ്രദ്ധയിൽപ്പെട്ടാൽ പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫിസർമാർ നടപടി സ്വീകരിക്കണം. ക്ഷേമ ബോർഡിനു കീഴിൽ അംഗങ്ങളായവരാണെങ്കിൽ ബോർഡ് മുഖേനയും അല്ലെങ്കിൽ റവന്യു റിക്കവറി വഴിയും പണം ഇൗടാക്കാൻ നടപടിയെടുക്കണം.

∙ തൊഴിലെടുക്കാനുള്ള അവകാശം, ഉയർന്ന കൂലി എന്നിവ ആവശ്യപ്പെട്ടു തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ലേബർ ഓഫിസർമാർ വിവരം പൊലീസിനെ അറിയിക്കണം.

കാഴ്‌ചക്കാരായി നിന്ന് അമിതമായ തോതിൽ പണം പിടിച്ചുവാങ്ങുന്ന ഒറ്റപ്പെട്ട പ്രവണത സംസ്ഥാനത്തെ തൊഴിലാളികളെയാകെ മോശക്കാരാക്കി. കേരളത്തിലെ തൊഴിലാളികൾ മോശക്കാരെന്നു വരുത്താനും സംസ്ഥാനത്തു നിക്ഷേപങ്ങൾക്കു സുരക്ഷിതത്വമുണ്ടാകില്ലെന്നു പ്രചരിപ്പിച്ചു നിക്ഷേപകരെ അകറ്റാനും അത് ഇടയാക്കി. ഇൗ ദുഷ്പ്രവണത അവസാനിപ്പിക്കണം എന്ന് നോക്കുകൂലി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു..