അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ് : ബെഡ്ഫോർഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മ്മയും, യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണിലെ പ്രമുഖ അംഗ അസ്സോസ്സിയേഷനുമായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ’ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും,മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുകയയും ചെയ്യൂന്ന ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷനിൽ നിലവിൽ ഇരുന്നൂറോളം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട്.

ബി എം കെ എ യുടെ പ്രസിഡണ്ടായി സ്ഥാനം ഏൽക്കുന്ന ജോമോൻ മാമ്മൂട്ടിൽ യു കെ യിൽ ആത്മീയ-സാംസ്‌കാരിക- സാമൂഹ്യ രംഗങ്ങളിൽ ശ്രദ്ധേയനാണ്. സെവൻ ബീറ്റ്‌സ് മ്യൂസിക് ബാൻഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളിൽ മുഖ്യ സംഘാടകനായി, ജോമോൻ, തന്റെ നേതൃത്വ പാഠവവും, ഏകോപന മികവും തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.

വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോബിൻ അസ്സോസ്സിയേഷൻ പ്രവർത്തനങ്ങൾക്ക് പുറമെ ‘യുക്മ’ നാഷണൽ, ഈസ്റ്റ് ആംഗ്ലിയാ തലങ്ങളിലെ നേഴ്സസ് ഡേ, സ്പോർട്ട്സ് മീറ്റ്, കലോത്സവം അടക്കം പരിപാടികളിൽ മികച്ച ഏകോപനം നിർവ്വഹിക്കുകയും, ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.

മുൻ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള വിഷ്ണു പി ആർ പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരും. വിവിധങ്ങളായ സാംസ്ക്കാരിക-സാമൂഹ്യ വേദികളിൽ വനിതാ നേതൃനിരകളിൽ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവൻ പുതിയ കമ്മിറ്റിയിൽ ജോ. സെക്രട്ടറിയാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബി എം കെ എ യുടെ ആരംഭം മുതൽ സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളാറുള്ള ബേസിൽ മാത്യു, മുമ്പ് സംഘടനയിൽ ഖജാൻജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസിൽ മാത്യുവിന്റെ സേവന പരിചയം മുൻനിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി തെരഞ്ഞെടുക്കുക ആയിരുന്നു.

ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ ആസ്സോസ്സിയേഷന്റെ ആരംഭകാലം മുതൽ മാർഗ്ഗ നിർദ്ദേശിയായി , സംഘടനക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോൺ ജോർജ്ജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.

ബി എം കെ എ യുടെ അമരക്കാരനായി പലതവണയും നേതൃത്വം നൽകിയിട്ടുള്ള യൂജിൻ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതൽ കരുത്ത് പകരും. യൂജിനോടൊപ്പം മികവുറ്റ സംഘാടകനും, സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജാക്കി കെൽ‌വിൻ, ഷിജോ ജോർജ്ജ്, ധനൂപ് തോമസ്, സുനിൽ മീഡിയട്രെൻഡ്‌സ്‌, റോബർട്ട് ഷാ, ജയ് കൃഷ്ണൻ , ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി നാഥ്, ജിബിൻ ജോൺ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ജെസ്റ്റിനാ യൂജിൻ സോഷ്യൽ മീഡിയ കോർഡിനേറ്ററും, മിഥുൻ ജോയി ഇന്റേണൽ ഓഡിറ്ററുമായി നവ ഭരണ സമിതിയിൽ ചുമതലകൾ വഹിക്കുന്നതാണ്.

ബെഡ്ഫോർഡ് മാസ്റ്റൺ കേരളാ അസ്സോസ്സിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷീക വേളയിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലവും വർണ്ണാഭവുമായ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകും. പതിവ് ആഘോഷങ്ങൾക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികൾ നടത്തുവാനും, ബെഡ്ഫോർഡ് മലയാളി സമൂഹത്തിനായി ആരോഗ്യ-വിനോദ-സാമൂഹ്യ-സൗഹൃദ വേദികൾ ഒരുക്കുവാനും, മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തിൽ തീരുമാനമായി. സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത തുടങ്ങിയ പദ്ധതികൾക്കു മുൻ‌തൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.