രാജേഷ് നടേപ്പള്ളി

പുതുവത്സരത്തില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം .പ്രിന്‍സ് മോന്‍ മാത്യു പ്രസിഡന്റും , പ്രദീഷ് ഫിലിപ്പ് സെക്രട്ടറിയും , സജി മാത്യു ട്രഷററും ആയ പുതിയ ജനകീയ കമ്മറ്റി അടുത്ത രണ്ടുവര്‍ഷത്തേയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടു.

ദീര്‍ഘ കാലമായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രിന്‍സ് മോന്‍ മാത്യുവിനെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

മെച്ചപ്പെട്ട പ്രവര്‍ത്തന രീതികളിലൂടെ ശ്രദ്ധേയമായ അസോസിയേഷന്‍ മറ്റ് അസോസിയേഷനുകള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. ഇക്കുറിയും പുതിയ നേതൃത്വത്തിന് കീഴില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അസോസിയേഷന് സാധിക്കും.

കോവിഡ് സമയത്തു മുടങ്ങിപ്പോയ പല കാര്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം. കമ്മറ്റിഅംഗങ്ങള്‍ ഒന്നടങ്കം എല്ലാ പിന്തുണയുമായി ഒപ്പം തന്നെയുണ്ട്. വിവിധ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ച മികച്ച ഒരു കമ്മിറ്റിയാണ് ഇത്തവണ വില്‍ഷെയറിനെ നയിക്കുന്നത്.

സ്വിന്‍ഡനിലെയും പ്രാന്തപ്രദേശത്തെയും മലയാളികളുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായ സാഹചര്യത്തില്‍ പുതിയ അഗങ്ങളെയും സ്വിന്‍ഡനിലെ വുമണ്‍സ് ഫോറത്തെയും ചേര്‍ത്തുള്ള ഒരു ജനകീയ കമ്മറ്റിക്കാണ് പ്രസിഡന്റ് പ്രിന്‍സിമോന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.

കലാ സാംസ്‌കാരിക സാമൂഹിക കായിക രംഗത്ത് വ്യക്തമായ മുദ്രപതിപ്പിച്ചിട്ടുള്ള സ്വിന്‍ഡനിലെ മലയാളികളുടെ ഒരു കൂട്ടായ്മയാണ് വില്‍ഫെയര്‍ അസോസിയേഷന്‍. യുകെയില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച സ്വിണ്ടന്‍ സ്റ്റാര്‍ ചെണ്ടമേളവും, സെവെന്‍സ്റ്റാര്‍ സ്വിണ്ടന്‍ വടംവലി ടീമും, സ്വിന്‍ഡന്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമും, സ്വിന്‍ഡന്‍ കേരള സോഷ്യല്‍ ക്ലബും സ്വിന്‍ഡനിലെ മലയാളികളുടെ ഒത്തുരുമയെയും കലാ സാംസ്‌കാരിക മേഖലകളിലുള്ള പ്രവര്‍ത്തന മികവിന് മകുടോദാഹരണങ്ങളാണ്.ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുക്കപ്പട്ട പുതിയ കമ്മിറ്റി കാലഘട്ടത്തിനനുസരിച്ചു മുന്നേറുമെന്നും കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് മലയാളികളുടെ പ്രതീക്ഷക്കൊത്തു പ്രവര്‍ത്തിക്കുമെന്നും യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അതിനായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും സെക്രട്ടറി പ്രദീഷ് ഫിലിപ് അഭ്യര്‍ത്ഥിച്ചു .